ജനങ്ങളുടെ നടുവൊടിക്കുന്ന ബഡ്‌ജറ്റ്: രമേശ് ചെന്നിത്തല

Saturday 04 February 2023 12:37 AM IST

സംസ്ഥാന സർക്കാരിന്റെ പുതിയ ബഡ്‌ജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്നതാണ്. കേന്ദ്രത്തിൽ മോദി ദിവസവും പെട്രോളിന് വിലകൂട്ടുകയാണ്. അങ്ങനെ 1000 കോടി രൂപ വേണ്ടെന്നുവച്ചതാണ് ഉമ്മൻചാണ്ടി സർക്കാർ. ഈ സർക്കാർ കേന്ദ്രത്തിന്റെ അധികവരുമാനം കുറച്ചില്ലെന്നു മാത്രമല്ല 2രൂപ സെസ് കൂട്ടി. ജനങ്ങളെ നരകത്തിലേക്ക് തളളിയിടുകയാണ്. ബഡ്‌ജറ്റിനെതിരെ ശക്തമായ ജനവികാരം ഉയർന്നുവരും.

രമേശ് ചെന്നിത്തല,​മുൻ പ്രതിപക്ഷ നേതാവ്

കൊള്ളക്കാരെ പോലെ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ് ധനമന്ത്രി. മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ 12രൂപയുടെ വ്യത്യാസമാണ് കേരളത്തിൽ ഇന്ധനവിലയിലുള്ളത്. ലക്ഷക്കണക്കിന് കോടിയുടെ അധികവരുമാനം സർക്കാരിന് ലഭിക്കുമ്പോൾ പാവപ്പെട്ടവർക്കായൊന്നും ബഡ്‌ജറ്റിൽ വകയിരുത്തിയില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് കേന്ദ്രം നൽകിയതിനേക്കാൾ നാലിരട്ടിയാണ് എൻ.ഡി.എ സർക്കാർ സംസ്ഥാനത്തിന് നൽകിയത്. എ.കെ.ജി മ്യൂസിയത്തിന് 6കോടി അനുവദിച്ച് അനധികൃത മണൽവാരലിലൂടെ ധനമന്ത്രി അഴിമതിയാണ് ലക്ഷ്യമിടുന്നത്.4ന് കൊച്ചിയിൽ ബി.ജെ.പി സംസ്ഥാനസമിതി യോ​ഗത്തിൽ സർക്കാരിന്റെ ജനദ്രോഹനയത്തിനെതിരെ പ്രതിഷേധിക്കും.

കെ.സുരേന്ദ്രൻ,​ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ

സമസ്‌തമേഖലയിലും വിലക്കയറ്റത്തിന് വഴിവയ്‌ക്കുന്ന പ്രഖ്യാപനങ്ങളാണ് ബഡ്‌ജറ്റിലുളളത്.

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളെ പിഴിയുകയാണ്. സാമൂഹ്യക്ഷേമ പെൻഷൻ കൂട്ടാത്തത് അനീതിയാണ്. വയനാട്,കുട്ടനാട്,തീരദേശ പാക്കേജ് എന്നിവയെല്ലാം സർക്കാർ മറന്നു. സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റ് അവതാളത്തിലാക്കുന്ന കേരള ചരിത്രത്തിലെ ഏറ്റവും മോശമായ ജനദ്രോഹ ബഡ്‌ജറ്രാണിത്.

കെ.സി.വേണുഗാപാൽ,​എ.ഐ.സി.സി ജനറൽ സെക്രട്ടറി

അനേകായിരം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നിട്ടും നിലവിലെ വിദ്യാഭ്യാസരംഗത്തിന് ആശ്വാസമാകുന്നതല്ല ബഡ്‌ജറ്റ്.കേരളത്തിലെ സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങളിൽ കൃത്യത വരുത്താനോ,നൂതനതൊഴിൽ സാദ്ധ്യതകൾക്ക് അനുസൃതമായ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന നിർദ്ദേശങ്ങളോ ബഡ്‌ജറ്റിലില്ല. പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി വർദ്ധനവ് സർക്കാർ ഉടൻ പിൻവലിക്കണം.

അലോഷ്യസ് സേവ്യർ,​കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ

സാധാരണക്കാരായ ജനങ്ങളെ മുന്നിൽകണ്ടുള്ള ബഡ്‌ജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്. വളർച്ചയുടെ പാതയിലെത്തിയ കേരളത്തിനെ മുന്നോട്ടു നയിക്കുകയെന്ന ഉത്തരവാദിത്തമാണ് സർക്കാരിനുളളത്. ലോകം അംഗീകരിക്കുന്ന കേരള മോഡലിലൂടെയാണ് പ്രതിസന്ധികാലത്തും സംസ്ഥാനം വളർച്ച രേഖപ്പെടുത്തിയത്. സഹകരണ മേഖലയ്‌ക്കായി 140.50 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

മന്ത്രി വി.എൻ വാസവൻ

Advertisement
Advertisement