കൊള്ളയടിയെന്ന് പ്രതിപക്ഷം: സഭയിൽ ബഹളം

Saturday 04 February 2023 12:38 AM IST

തിരുവനന്തപുരം: മദ്യത്തിനും ഇന്ധനത്തിനും സാമൂഹ്യസുരക്ഷാ സെസ് ചുമത്തിയ ബഡ്ജറ്റ് ജനങ്ങളെ കൊള്ളയടിക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ബഡ്ജറ്റ് പ്രസംഗം കഴിഞ്ഞതിനു പിന്നാലെയായിരുന്നു ബഹളം.

ജനങ്ങളെ ചേർത്തു പിടിക്കുന്നതാണ് ബഡ്ജറ്റെന്ന് ധനമന്ത്രി പറഞ്ഞപ്പോൾ, ജനങ്ങളെ ചേർത്തു ഞെരിക്കുന്നതാണെന്ന് പ്രതിപക്ഷാംഗങ്ങൾ വിളിച്ചുപറഞ്ഞു. അൻവർ സാദത്ത്, പി.സി വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ടി.സിദ്ദിഖ്, എൽദോസ് കുന്നിപ്പിള്ളിൽ, ടി.ജെ.വിനോദ്, റോജി എം ജോൺ എന്നിവർ കൊള്ള ബഡ്ജറ്റാണെന്ന് പേപ്പറിൽ എഴുതി ഉയർത്തിക്കാട്ടി. പിന്നാലെ 'കൊള്ളയാണേ കൊള്ളയാണേ, പകൽക്കൊള്ളയാണേ' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റു. എം.വിൻസെന്റ് പേപ്പറുകൾ കീറിയെറിഞ്ഞു. ഇതേസമയം ഭരണപക്ഷാംഗങ്ങൾ ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.