നഴ്സുമാരുടെ ക്ഷാമം മാറുന്നു: 25 ആശുപത്രികളിലായി 1500 സീറ്റുകൾ കൂടി

Saturday 04 February 2023 12:40 AM IST

തിരുവനന്തപുരം : വിദേശത്തേക്കുള്ള നഴ്സുമാരുടെ ഒഴുക്കും, സംസ്ഥാനത്ത് നഴ്സുമാരുടെ ക്ഷാമവും കണക്കിലെടുത്ത് സംസ്ഥാനത്തെ 25 ആശുപത്രികളിൽ നഴ്സിംഗ് കോളേജ് ആരംഭിക്കാൻ ബഡ്ജറ്റിൽ 20 കോടി വകയിരുത്തി. ശരാശരി 60 സീറ്റനുസരിച്ച് 1500 വിദ്യാർത്ഥികൾക്ക് കൂടി നഴ്സിംഗ് പഠിക്കാം.

ഒൻപത് മാസത്തിനിടെ 23,000 നഴ്സുമാർ വിദേശത്തേക്ക് പോയെന്ന കണക്ക് സഹിതം ഒക്ടോബർ 10ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ,നഴ്സിംഗ് പഠനം വ്യാപകമാക്കണമെന്നാവശ്യപ്പെട്ട് ഗവ.നഴ്സസ് യൂണിയനും മറ്റും രംഗത്തെത്തി. പിന്നാലെ, ആരോഗ്യ വകുപ്പ് വിഷയം പരിശോധിക്കാൻ നഴ്സിംഗ് കൗൺസിലിനെ ചുമതലപ്പെടുത്തിയിരുന്നു.ലോകമെമ്പാടും മലയാളി നഴ്സുമാരുടെ ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

വയനാട്,ഇടുക്കി നഴ്സിംഗ് കോളേജുകൾക്ക് പുറമെ, സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളോട് ചേർന്നും നഴ്സിംഗ് കോളേജ് ആരംഭിക്കും.ആദ്യ ഘട്ടമായി 25 ആശുപത്രികളിൽ സഹകരണ സ്ഥാപനങ്ങൾ, സെന്റർ ഫോർ പ്രൊഫെഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്,സീമാറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ആരംഭിക്കുക. ഇതോടെ നഴ്സിംഗ് അദ്ധ്യാപകരുടെ തൊഴിൽ സാദ്ധ്യതയും വർദ്ധിക്കും.