ബഡ്ജറ്റിൽ നികുതി കൊള്ള: യു.ഡി.എഫ് സമരത്തിന്

Saturday 04 February 2023 12:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധി മറച്ചുവച്ച് നികുതി കൊള്ള നടത്തുന്ന ബഡ്ജറ്റെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഒരു നിയന്ത്രണവുമില്ലാത്ത അശാസ്ത്രീയ നികുതി വർദ്ധനയാണ് എല്ലാ മേഖലകളിലും അടിച്ചേൽപ്പിച്ചത്. സാധാരണക്കാരനും പാവപ്പെട്ടവനും അധികഭാരമേൽപ്പിക്കുന്ന നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് സമരപരിപാടികൾ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജോക്കബ് എന്നിവർ പറഞ്ഞു. ആറ് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതി കൊള്ള അംഗീകരിക്കാനാവില്ല.

ഇന്ധന വില കുതിച്ചുയരുമ്പോഴാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏർപ്പെടുത്തിയത്. മദ്യവില കൂടുന്നതോടെ മയക്കുമരുന്നിലേക്ക് ഒരു വിഭാഗം വഴുതിവീഴും.

3000 കോടിയുടെ നികുതിക്ക് പുറമെ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശം. ഇതോടെ നികുതിഭാരം 4000 കോടിയാകും.

സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറയുകയാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടനുസരിച്ച് 19 സംസ്ഥാനങ്ങളിൽ 5 വർഷത്തിനിടെ നികുതി പിരിവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പതിനായിരക്കണക്കിന് കോടിയാണ് പിരിച്ചെടുക്കാനുള്ളത്.

കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളുടെ ആവർത്തനമാണ് കണ്ടത്. കിഫ്ബിക്ക് പ്രസക്തി ഇല്ലാതായി. സോഷ്യൽ സെക്യൂരിറ്റി മിഷൻ ലിമിറ്റഡും പ്രസക്തിയില്ലാത്ത കമ്പനിയായി. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെ 1200 കോടിയുടെ നികുതി അടിച്ചേൽപ്പിച്ചു. രൂക്ഷമായ വിലക്കയറ്റം നേരിടാൻ കഴിഞ്ഞ തവണത്തെക്കാൾ കുറവ് തുക. റബറിന് മിനിമം വില 250 രൂപയാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. വന്യജീവി ആക്രമണം നേരിടാനും നഷ്ടപരിഹാരത്തിനും തുക വകയിരുത്തിയില്ല. തീരദേശ, ആദിവാസി, കാർഷിക മേഖലകൾക്കും അവഗണന. ഉന്നത വിദ്യാഭ്യാസവും തൊഴിൽ രംഗവും മെച്ചപ്പെടുത്തി രാജ്യം വിടുന്ന യുവാക്കളെ പിടിച്ച് നിറുത്താൻ പദ്ധതിയില്ല.