കുറഞ്ഞ ചെലവിൽ പറക്കാം,​ ഉത്സവ അവധിക്കാലത്ത് ഗൾഫിലേക്ക് കെ - ഫ്ലൈറ്റ്

Saturday 04 February 2023 12:43 AM IST

തിരുവനന്തപുരം:പ്രവാസികളുടെ കഴുത്തറുക്കുന്ന വിമാനക്കമ്പനികളെ നിലയ്ക്കു നിറുത്താൻ, വിമാനങ്ങൾ വാടകയ്ക്കെടുത്ത് ഉത്സവ, അവധിക്കാലത്ത് ഗൾഫിൽ നിന്ന് സ്വന്തം സർവീസ് നടത്താൻ കേരളം. ഇതിനായി ഗൾഫ് നഗരങ്ങളിൽ നിന്ന് കുറഞ്ഞനിരക്കിൽ 175സീറ്റുള്ള വിമാനങ്ങൾ ചാർട്ടർ ചെയ്യും. പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ നോർക്കയുടെ പോർട്ടൽ ഉടൻ സജ്ജമാവും. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളുമായി സർക്കാർ ചർച്ച നടത്തിക്കഴിഞ്ഞു. മൂന്നാഴ്ചയ്ക്കകം പദ്ധതിക്ക് അന്തിമരൂപമാവുമെന്ന് നോർക്ക സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി 'കേരളകൗമുദി'യോട് പറഞ്ഞു.

കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്കാവും സർവീസുകൾ. ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ലാൻഡിംഗ് ഫീസ്, പാർക്കിംഗ് ഫീസ്, യൂസർ ഫീസ് ഇളവുനൽകും. വലിയ വിമാനങ്ങൾക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് ലാൻഡിംഗ് ഫീസ്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യാത്രക്കാർക്ക് 1,260 രൂപയാണ് യൂസർഫീസ്. സർക്കാർ വിമാനസർവീസ് നടത്തുന്നതോടെ, വിമാനക്കമ്പനികൾ നിരക്ക് കുറയ്ക്കുമെന്നാണ് നോർക്കയുടെ പ്രതീക്ഷ. നിലവിൽ വിമാനക്കമ്പനികൾ തോന്നുംപടി നിരക്കുയർത്തുകയാണ്. ഓണം, വിഷു, പെരുനാൾ, ക്രിസ്‌മസ് കാലത്തും ഗൾഫിൽ സ്കൂൾ അടയ്ക്കുമ്പോഴുമാണ് കഴുത്തറുപ്പൻ നിരക്ക്. ജനുവരി ആദ്യവാരം ഗൾഫിലെ സ്കൂളുകൾ തുറക്കുന്നതിനാൽ ഡിസംബർ അവസാനം കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരക്കും കുത്തനെ ഉയരും.

ചാർട്ടർ സർവീസുകൾക്ക് മുഴുവൻ സീറ്റിനും പണം മുൻകൂറായി നൽകണം. സർക്കാരിന്റെ സർവീസായതിനാൽ സർക്കാർ ഗാരന്റി നൽകിയാൽ മതി. ഗൾഫിലേക്കും തിരിച്ചുമുള്ള സർവീസുകൾക്ക് യാത്രക്കാരെ ഉറപ്പാക്കേണ്ടത് നോർക്കയാണ്. സീറ്റ് കാലിയായിക്കിടന്നാലും വിമാനക്കമ്പനിക്ക് പണം നൽകണം. ഇതിനായി 15കോടിയുടെ കോർപസ് ഫണ്ട് രൂപീകരിക്കും. .

ക്വട്ടേഷൻ വിളിക്കും

വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ നോർക്ക ക്വട്ടേഷൻ വിളിക്കും. കുറഞ്ഞനിരക്ക് ക്വോട്ട് ചെയ്യുന്ന കമ്പനികളെ പങ്കാളിയാക്കും.

വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ നോർക്ക സൗകര്യമൊരുക്കും. കുട്ടികൾക്ക് നിരക്കിളവ്.

''ഗൾഫിലെ പ്രവാസികളുടെ കഴുത്തറുക്കുന്ന വിമാനക്കൂലി നിയന്ത്രിക്കാനാണിത്''

-കെ.എൻ.ബാലഗോപാൽ

ധനമന്ത്രി