ഡോ. പി.എസ്.ശ്രീകണ്‌ഠൻ തമ്പി നിര്യാതനായി

Saturday 04 February 2023 12:46 AM IST

തിരുവനന്തപുരം: സ്‌പൈസസ് ബോർഡ് പ്രചരണ വിഭാഗം മുൻ ഡെപ്യൂട്ടി ഡയറക്ടറും പത്രപ്രവർത്തകനുമായിരുന്ന ആലപ്പുഴ എരമല്ലൂർ ശ്രീ വിലാസത്തിൽ ഡോ. പി.എസ്.ശ്രീകണ്ഠൻ തമ്പി (65) നിര്യാതനായി. രോഗബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ത്യൻ എക്സ്‌പ്രസിലൂടെയാണ് പത്രപ്രവർത്തന രംഗത്തേക്കെത്തിയത്. കാക്കനാട് കേരള മീഡിയ അക്കാഡമിയിലെ ജേർണലിസം ആന്റ് പി.ആർ ഫാക്കൽറ്റിയായിരുന്നു.

വേൾഡ് സ്‌പൈസസ് ഓർഗനൈസേഷൻ അംഗം, വേൾഡ് സ്‌പൈസസ് കോൺഗ്രസ് ഓർഗനൈസിംഗ് സെക്രട്ടറി, സ്‌പൈസസ് ബോർഡിന്റെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ, ആന്ധ്രാ പ്രദേശ് ഹോർട്ടികൾച്ചർ സൊസൈറ്റി കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്‌പ്രസിലെ ഫിനാൻഷ്യൽ കറസ്‌പോണ്ടന്റ് ആയിരുന്നു.വറ്റൽ മുളക് കയറ്റുമതിയുടെ ആസ്ഥാനമായ ഗുണ്ടൂരിൽ ഇ -സ്‌പൈസ് ബസാറിന്റെ ചുമതലയും വഹിച്ചു. സ്‌പൈസസ് ബോർഡിന്റെ സേവനങ്ങൾ ജനകീയമാക്കാൻ നിരന്തരം പ്രവർത്തിച്ച അദ്ദേഹം നാടൻ കലകളെ പ്രോത്സാഹിപ്പിച്ച കലാകാരനുമായിരുന്നു.

ഭാര്യ:ഡോ. എസ്.ബി.ശ്യാമള തമ്പി (ചേർത്തല എൻ.എസ്.എസ് കോളേജ് റിട്ട.പ്രിൻസിപ്പൽ). മകൻ: ശ്രീ തമ്പി(ദുബായിൽ ഫോർറ്റെൽ കമ്പനി ഉദ്യോഗസ്ഥൻ). മരുമകൾ: അഞ്ജന. സഹോദരങ്ങൾ: രമേശൻ തമ്പി, ലക്ഷ്മി പിള്ള തങ്കച്ചി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആലപ്പുഴ എരമല്ലൂരിലെ വീട്ടുവളപ്പിൽ.