മത്സ്യബന്ധന മേഖലയ്ക്ക് 394.33 കോടി

Saturday 04 February 2023 4:51 AM IST

തിരുവനന്തപുരം: മത്സ്യബന്ധന മേഖലയ്ക്ക് 394.33 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. തീരദേശ വികസന പദ്ധതികൾക്ക് 15.02 കോടിയും കടലോര മത്സ്യബന്ധന പദ്ധതികൾക്ക് 61.1 കോടിയും ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് 82.11 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമുദ്രത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതിക്ക് 5 കോടി അനുവദിച്ചു. മത്സ്യബന്ധന ബോട്ടുകൾ ആധുനികവത്കരിക്കാൻ 10 കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചു. ബോട്ടുകളുടെ എൻജിനുകൾ ഘട്ടംഘട്ടമായി പെട്രോൾ/ഡീസൽ എൻജിനുകളാക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടത്തിൽ 8 കോടിയും വകയിരുത്തി. പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 27 കോടിയും ഗ്രൂപ്പ് ഇൻഷ്വറൻസി​ന് 10 കോടിയും അനുവദിച്ചു.

പുനർഗേഹം പദ്ധതിക്കായി 16 കോടി രൂപയിൽ നിന്ന് 20 കോടിയായി വർദ്ധിപ്പിച്ചു. ഫിഷ് സീഡ് ഫാക്ടറികളും ഹാച്ചറികളും വിപുലീകരിക്കുന്നതിന് മുൻവർഷത്തെക്കാൾ 5 കോടി അധികമായി​ 20 കോടി നീക്കി വച്ചു.

മത്സ്യബന്ധന തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനുമായി 71 കോടിയും നബാർഡ് ആർ.ഐ.ഡി.എഫ് വായ്പാ സഹായത്തോടെ നടത്തുന്ന സംയോജിത തീരദേശ വികസന പദ്ധതി പ്രവൃത്തികൾക്കായി 20 കോടിയും മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മണ്ണ് നീക്കലിനുമായി 8.52 കോടിയും അനുവദിച്ചു.