കളിപ്പാട്ടക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്നു വിറ്റ മിങ്കു ബാപ്പു ചെറിയ മീനല്ല

Saturday 04 February 2023 12:52 AM IST

കൊച്ചി: തേവര പ്രദേശത്ത് കളിപ്പാട്ടക്കച്ചവടത്തിന്റെ മറവിൽ ബ്രൗൺഷുഗർ ഇടപാട് നടത്തിയിരുന്ന ഉത്തർപ്രദേശ് ബറേലി സ്വദേശി വിപിൻ കുമാർ റസ്തോജി (മിങ്കു ഭായ്,​ 70) ചെറിയ പുള്ളിയല്ല. എക്സൈസിന്റെ പിടിയിലായ ഇയാളെ മലയാളി​കൾ തന്നെ ജാമ്യത്തി​ലെടുത്തു. ഇയാൾക്കു പി​ന്നി​ൽ വലി​യ സംഘമുണ്ടെന്നാണ് സംശയം. മിങ്കു ഭായിക്കൊപ്പമുണ്ടായിരുന്ന 15 ഓളം ഹി​ന്ദി​ക്കാരും മുങ്ങി​.

വ്യാഴാഴ്ച രാത്രി​യാണ് ഇയാൾഎറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. മുന്തിയ ഇനം ബ്രൗൺ ഷുഗറാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് .

രണ്ടാഴ്ചയായി​ എക്സൈസ് ഇയാളെ പി​ന്തുടർന്ന് വി​ശ്വാസം ഉറപ്പി​ച്ച് 2000 രൂപ നൽകി​യാണ് മൂന്ന് ചെറി​യ പായ്ക്കറ്റ് ബ്രൗൺ​ ഷുഗർ വാങ്ങി​യത്. ഇത് ഉപയോഗി​ക്കേണ്ട രീതി​യെല്ലാം 'മി​ങ്കുഭായ്' പഠി​പ്പി​ക്കുകയും ചെയ്തു.

ബ്രൗൺ​ഷുഗറാണെന്ന് ഉറപ്പാക്കി​യ ശേഷം തേവരയി​ലെ വാടകവീട്ടി​ൽ നടത്തി​യ പരി​ശോധനയി​ൽ 60 ചെറു പാക്കറ്റുകളിലായി ആകെ 4.5 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. അഞ്ച് ഗ്രാമി​ൽ കുറവാണെങ്കി​ൽ സ്റ്റേഷൻ ജാമ്യത്തി​ൽ തന്നെ വി​ടേണ്ടി​വരും. രാത്രി​ തന്നെ ജാമ്യക്കാരെത്തി​ ഇയാളെ പുറത്തി​റക്കി​. നാല് ദി​വസം മുമ്പാണ് ഇയാൾ തേവരയി​ലെ വാടകവീട്ടി​ലെത്തി​യത്. വിൽക്കാനുള്ള മയക്കുമരുന്ന് ഉത്തർപ്രദേശി​ൽ നി​ന്നാണ് മിങ്കു ഭായ് എത്തി​ക്കുന്നത്.

മലയാളി​കളായി​രുന്നു ഇയാളുടെ കസ്റ്റമേഴ്സ്. മിങ്കു ഭായിക്ക് പി​ന്നി​ലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളി​ലാണ് എക്സൈസ്. മലയാളി​കളും സംഘത്തി​ലുണ്ടെന്ന് സംശയി​ക്കുന്നു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർ എൻ.എ. മനോജ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി. ടോമി, ടി.എം. ജെയിസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.