ഇരമല്ലിക്കര അയ്യപ്പക്ഷേത്രത്തിൽ മോഷണശ്രമം ;രണ്ടുപേർ പിടിയിൽ

Saturday 04 February 2023 1:56 AM IST
ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മോഷ്ടാക്കളിൽ നിന്നും പിടികൂടിയ പാത്രങ്ങൾ

ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണശ്രമം. ഇന്നലെ ഉച്ചയ്ക്ക് 12 ന് ശേഷമാണ് സംഭവം. തമിഴ് നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതിന് വടക്കുവശമുള്ള പഴയ ഓടിട്ട കെട്ടിടത്തിലാണ് പാത്രങ്ങളും മറ്റു സാധനങ്ങളും സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ പുറകിലത്തെ തടികൊണ്ടുള്ള ജനൽ പാളി ഇളക്കിയശേഷം അഴികൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ, ഓട്ടുരുളികൾ, വിളക്കുകൾ, ചെമ്പിന്റെയും ഓടിന്റെയും കലശക്കുടങ്ങൾ, അഷ്ടമംഗല്യ വിളക്കുകൾ, ചട്ടുകം തുടങ്ങിയ പാത്രങ്ങളാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. രണ്ട് പേർ ഇവിടെ നിന്ന് പരുങ്ങുന്നതായി നാട്ടുകാരൻ കണ്ടു. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മരങ്ങാട്ടില്ലത്തെ കിണറിന്റെ മോട്ടോർ മോഷ്ടിക്കാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ സംഘടിച്ച് ഒാടിച്ചിട്ട് രണ്ടുപേരെ പിടികൂടുകയായിരുന്നു. ചാക്കിലാക്കിയ സാധനങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവർ മണിമലയാറ്റിൽച്ചാടി നീന്തി രക്ഷപ്പെട്ടു. പിന്നീടാണ് ഇവരുടെ കൂടെയുള്ളതായി കരുതുന്ന രണ്ട് സ്ത്രീകളെ ഇവിടെ നിന്ന് നാട്ടുകാർ പിടികൂടിയത്. പിടികൂടിയ തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളെ പോലീസിൽ ഏൽപ്പിച്ചു. ഇതു സംബന്ധിച്ച് സബ് ഗ്രൂപ്പ് ഓഫീസർ ശ്രീജേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിൽ വാച്ചർ ഡ്യൂട്ടിക്ക് ആളില്ലാതായിട്ട് എട്ട് മാസത്തോളമായി. തിരുവൻവണ്ടൂർ ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രമാണിത്.