കടുപ്പമാകും വീട് നിർമ്മാണം
ലൈഫ് ഗുണഭോക്താക്കൾക്കും തിരിച്ചടി
തിരുവനന്തപുരം: ബഡ്ജറ്റിലെ ഇന്ധന സെസും മൈനിംഗ് ആൻഡ് ജിയോളജി മേഖലയിലെ റോയൽറ്റി പരിഷ്കാരവുമൊക്കെ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനയ്ക്ക് ഇടയാക്കുന്നത് കെട്ടിട നിർമ്മാണ മേഖലയെ സാരമായി ബാധിക്കുമെന്ന് ആശങ്ക. കല്ല്, പാറപ്പൊടി, ചല്ലി, സിമന്റ്, കമ്പി തുടങ്ങിയവയ്ക്കെല്ലാം വില കുത്തനെ കൂടും. ഇത് ഇടത്തരം കുടുംബങ്ങളുടെ ഭവനനിർമ്മാണ ബഡ്ജറ്റ് താളം തെറ്റിക്കും. പി.എം.എ.വൈ, ലൈഫ് പദ്ധതികൾ പ്രകാരം വീട് നിർമ്മിക്കുന്നവരെ കാത്തിരിക്കുന്നതും തിരിച്ചടി.
ലൈഫ്, പി.എം.എ.വൈ പദ്ധതികളെ സംയോജിപ്പിച്ച് നാലര ലക്ഷം രൂപയാണ് ഭവന നിർമ്മാണത്തിന് നൽകുന്നത്. നിലവിൽ ഈ തുകയ്ക്ക് വീട് പൂർത്തിയാക്കാൻ നെട്ടോട്ടമോടുന്ന ഗുണഭോക്താക്കൾക്ക് പണി പാതിവഴിയിൽ നിറുത്തേണ്ടി വരുമോ എന്നാണ് ആശങ്ക. 5.25 ലക്ഷം പേരാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്.
നാലു ഗഡുക്കളായാണ് പണം അനുവദിക്കുന്നത്. ആദ്യഘട്ടമായി അടിസ്ഥാനം കെട്ടാൻ 40,000 രൂപയാണ് നൽകുന്നത്. പാറയ്ക്ക് വില വർദ്ധിക്കുന്നതോടെ ഇത് മതിയാവില്ല. മറ്റു നിർമ്മാണ ഘട്ടങ്ങളും ഇതുപോലെ പ്രതിസന്ധിയിലാകും. പദ്ധതി വിഹിതം കൂട്ടിയില്ലെങ്കിൽ പാവപ്പെട്ടവർക്ക് വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കടം വാങ്ങേണ്ട അവസ്ഥയിലെത്തും.
''ലൈഫ് പദ്ധതി വീടുകൾക്ക് വിഹിതം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം.
-കവടിയാർ ഹരികുമാർ
പ്രസിഡന്റ്, ഓൾ കേരള ബിൽഡിംഗ്
ഡിസൈനേഴ്സ് ഓർഗനൈസേഷൻ