രാജ്യത്ത് ഏറ്റവുമുയർന്ന വാഹന നികുതി കേരളത്തിൽ,​ കാർ നികുതി 22% വരെയാകും

Saturday 04 February 2023 4:00 AM IST

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകൾക്കും നികുതി വർദ്ധിപ്പിച്ചതിനു പുറമെ കൂടുതൽ ഫാൻസി നമ്പരുകൾ കണ്ടെത്തി അപ്പീൽഫീസ് വർദ്ധിപ്പിക്കാനും ബ‌ഡ്ജറ്റ് നിർദ്ദേശം. രാജ്യത്ത് ഏറ്റവും കുടുതൽ വാഹന നികുതി (21%വരെ) പിരിക്കുന്ന സംസ്ഥാനമായിട്ടും വരുമാന വർദ്ധന മാത്രം ലക്ഷ്യമിട്ടാണ് വീണ്ടും നികുതി വർദ്ധിപ്പിച്ചിരിക്കുന്നത്.

രണ്ടു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് രണ്ട് ശതമാനം നികുതി വർദ്ധനയുണ്ടാവും. നിലവിൽ ഒരു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് 10 ശതമാനവും ഒന്ന്- രണ്ട് ലക്ഷം രൂപ വരെയുള്ള ഇരുചക്രവാഹനങ്ങൾക്ക് 12 ശതമാനവുമാണ് റോഡ് ടാക്‌സ്. ഇത് യഥാക്രമം 12ഉം 14ഉം ശതമാനമായി വർദ്ധിക്കും.

ആഡംബര കാറുകൾക്ക് ഒരു ശതമാനവും 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള കാറുകൾക്കും 10 മുതൽ 15 ലക്ഷം രൂപ വരെയുള്ള കാറുകൾക്കും രണ്ട് ശതമാനവും നികുതി വർദ്ധിപ്പിച്ചു. വാഹനവിലയ്ക്കും ജി.എസ്.ടിക്കും പുറമെയാണ് ഇത്. അതേ സമയം കോൺട്രാക്ട് ക്യാരേജ് സ്റ്റേറ്റ്, ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി.

കാറുകളുടെ നികുതി

വില.............................വർദ്ധനവ് (%)........... നിലവിലുള്ളത്.............പുതിയത്

5 ലക്ഷം വരെ.............. 1%....................................9%...................................10%

5–10 ലക്ഷം.................. 2%...................................11%...................................13%

10–15 ലക്ഷം................ 2%....................................13%..................................15%

15-20 ലക്ഷം..................1%....................................16%...................................17%

20-30 ലക്ഷം.................1%.................................... 21%.................................. 22%

30ലക്ഷം മുതൽ........1%................................... 21%....................................22%

പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ സെസ് ഇരട്ടിയാക്കി

വാഹനം...........................................നിലവിലുള്ളത്....................പുതിയത് (രൂപയിൽ)​

ഇരുചക്രവാഹനം................................ 50..........................................100

ലൈറ്റ് മോട്ടോർ വാഹനം................. 100.........................................200

മീഡിയം മോട്ടോർ വാഹനം..............150........................................ 300

ഹെവി മോട്ടോർ വാഹനം................ 250........................................500

പ്രതീക്ഷിക്കുന്ന അധിക വരുമാനം

കാർ വില്പന................................. 340 കോടി

ഇരുചക്രവാഹന വില്പന..... 92 കോടി

സെസ്........................................... 7 കോടി