പ്രണയത്തിന്റെ കരുത്തിൽ കാൻസറിനെ തോൽപ്പിച്ച് ഈ ദമ്പതികൾ

Saturday 04 February 2023 12:01 AM IST

മലപ്പുറം: കാൻസറിനെ പ്രണയക്കരുത്തിൽ തോൽപ്പിച്ചവരാണ് നിലമ്പൂർ സ്വദേശികളായ 27കാരൻ സച്ചിനും 24കാരി ഭവ്യയും. പ്രിയപ്പെട്ടവളെ കാൻസർ പിടിമുറുക്കിയപ്പോൾ തണലായി സച്ചിൻ കൂടെ നിന്നു. സൗഹൃദം പ്രണയമായി മാറിയപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് ഇവർ. ഡിഗ്രിയും അക്കൗണ്ടിംഗിൽ ഡിപ്ലോമയും കരസ്ഥമാക്കി ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിൻ. പ്രണയത്തിന്റെ രണ്ടാം മാസത്തിൽ പുറംവേദനയുടെ രൂപത്തിൽ കാൻസർ ഭവ്യയെ തേടിയെത്തി. എന്ത് സംഭവിച്ചാലും ഭവ്യയെ ജീവിതസഖിയാക്കുമെന്ന് സച്ചിൻ തീരുമാനിച്ചു. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു ഭവ്യയുടെ കുടുംബത്തിന്റെ ഏക ആശ്രയം. അതിനാൽ, തുടർപഠനം ഉപേക്ഷിച്ച് സച്ചിൻ ചികിത്സാച്ചെലവിനായി മാർബിൾപ്പണിക്കിറങ്ങി.

ആദ്യ കീമോ കഴിഞ്ഞപ്പോൾതന്നെ വിവാഹ നിശ്ചയം നടത്തുകയും എട്ടാമത്തെ കീമോയ്ക്ക് മുമ്പ് 2018 സെപ്തംബർ 6ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. കാൻസറിന്റെ വേദന തീവ്രമായപ്പോഴും പ്രണയം കൊണ്ട് അവർ അതിജീവിച്ചു. ആശുപത്രിക്കുള്ളിലെ ജീവിതവുമായി ഏറെനാൾ മുന്നോട്ട് പോയി. എറണാകുളത്തെ ആശുപത്രിയിൽ കീമോ ചെയ്യാൻ പോവുകയും ചികിത്സയ്ക്ക് ശേഷം കിട്ടിയ റിപ്പോർട്ടുകൾ പോസിറ്റീവാണെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു.

കാൻസർ മാറിയെങ്കിലും പല്ലുകൾ കേടാവുക, ശരീരത്തിന്റെ ജോയിന്റുകൾ വേദനിക്കുക, തലവേദന, ശരീരവേദന, എല്ലിന് തേയ്മാനം, മറവി തുടങ്ങിയ പല ബുദ്ധിമുട്ടുകളും ഭവ്യ ഇന്ന് അനുഭവിക്കുന്നുണ്ട്. ഒരു വാരിയെല്ല് മുറിച്ച് കളഞ്ഞ് അവിടെ കൃത്രിമ എല്ല് വെച്ചതാണ്. അത് ഇപ്പോഴും കൂടിച്ചേർന്നിട്ടില്ല. ഒന്ന് പൊട്ടിച്ചിരിച്ചാൽ പോലും വലിയ വേദനയാണ്. നാല് മാസം കൂടുമ്പോൾ ഡോക്ടറെ കാണണം. ഏഴ് മാസം ഗർഭിണിയാണ് ഭവ്യ ഇപ്പോൾ.'ജീവിതത്തിൽ നല്ല കാലവും മോശം കാലവും ഉണ്ടാവും. ഏത് അവസ്ഥയിലും ഒരുമിച്ച് മുന്നോട്ട് പോവാനുള്ള ധൈര്യവും കരുത്തും നമുക്കുണ്ടായാൽ മതി'-സച്ചിൻ പറയുന്നു.