രണ്ടെണ്ണം വീശിയാൽ കീശ കീറും
തിരുവനന്തപുരം: പകലന്തിയോളം പണിയെടുത്ത് വൈകിട്ട് രണ്ടെണ്ണം വീശുന്നവർക്ക് ഇനി വീട്ടിലെത്തിക്കുന്ന മിച്ചം കറയും. ഒരു കുപ്പിക്ക് 500 - 999 രൂപയാണ് വിലയെങ്കിൽ ഇനി 20 രൂപ അധികം കൊടുക്കണം. 1000 ന് മുകളിൽ വിലയെങ്കിൽ 40 രൂപ അധികമാവും. കുപ്പിയുടെ അളവിലല്ല, വിലയുടെ മാത്രം അടിസ്ഥാനത്തിലാണ് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ബഡ്ജറ്റിൽ സെസ്. ഉദാഹരണത്തിന് 500 മില്ലി ബോട്ടിലിന് 500 രൂപയ്ക്ക് മുകളിലാണെങ്കിൽ 20 രൂപ സെസ് നൽകണം.
ബെവ്കോ, കൺസ്യൂമർഫെഡ് ശാലകളിൽ ഈ വർദ്ധനയേ വരൂ. എന്നാൽ സ്വന്ത ഇഷ്ടപ്രകാരം പെഗ് റേറ്റ് നിശ്ചയിക്കുന്ന ബാറുകളിൽ വലിയ വർദ്ധന വരും. ഫുൾബോട്ടിലിന് 500 ൽ താഴെ വിലയുള്ള ഒറ്റ ബ്രാൻഡും ഇല്ല. വില ഏറ്രവും കുറഞ്ഞ ജനപ്രിയ മദ്യമായ ജവാന് ലിറ്ററിന് 610 രൂപയാണ്. ഇനി 630 ആവും. ഡിസംബറിലാണ് വിദേശ മദ്യത്തിന്റെ ടേൺഓവർ ടാക്സ് ഒഴിവാക്കി നാല് ശതമാനം നികുതി കൂട്ടിയത്. അതോടെ വില10 മുതൽ 30 രൂപ വരെ കൂടിയിരുന്നു. അതിന് പുറമെയാണ് ഇപ്പോഴത്തെ സാമൂഹ്യ സുരക്ഷാ സെസ്.