നിരോധിത രാസപദാർത്ഥത്തിന്റെ സാന്നിദ്ധ്യം; ഒളിമ്പ്യൻ ദിപ കർമാകറിന് 21 മാസത്തെ വിലക്ക്

Friday 03 February 2023 11:07 PM IST

ന്യൂഡൽഹി:നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ജിംനാസ്റ്റ് ദിപ കർമാകറിന് ഇന്റർനാഷണൽ ടെസ്റ്റിംഗ് ഏജൻസി വിലക്കേർപ്പെടുത്തി. ഹൈഗനമീൻ എന്ന പദാർത്ഥത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടർന്ന് 21 മാസത്തെ വിലക്കാണ് താരം നേരിടേണ്ടി വരിക . 2023 ജൂലൈ വരെയുള്ള മത്സരങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരും. കൂടാതെ 2021 ഒക്ടോബ‌ർ 11 മുതലുള്ള മത്സരഫലങ്ങളും ഇതോടെ അസാധുവായി മാറും.

ശരീരഭാരം നിയന്ത്രിക്കുന്നതിനായുള്ള സ്പോർട്ട്സ് സപ്ളിമെന്റുകളിൽ കണ്ട് വരുന്ന രാസപദാർത്ഥമാണ് ഹൈഗനമീൻ. എന്നാൽ കായിക താരങ്ങളിൽ ഹൈനഗമിന്റെ ഉപയോഗത്തിന് വിലക്ക് നിലനിൽക്കുന്നുണ്ട്.

2016ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനമായിരുന്നു ദിപ കർമാക്കർ കാഴ്ചവെച്ചത്. ജിംനാസ്റ്റിക്സിൽ നാലാം കരസ്ഥമാക്കിയ താരത്തിന് പ്രകടനത്തിനിടയിൽ ശരീരഭാഗം നിലത്ത് സ്പർശിച്ചത് മൂലം പോയിന്റുകളുടെ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. പ്രസ്തുത വിഭാഗത്തിൽ ഒരു ഇന്ത്യൻ താരം എക്കാലവും കാഴ്ചവെച്ച മികച്ച പ്രകടനമായിരുന്നു ദിപയുടേത്. ജിംനാസ്റ്റിക്സിൽ ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത എന്ന വിശേഷണത്തിനും അർഹയാണ് ദിപ കർമാക്കർ.