തിരുവല്ലയ്ക്ക് 145.5 കോടിയുടെ പദ്ധതികൾ
തിരുവല്ല : സംസ്ഥാന ബഡ്ജറ്റിൽ തിരുവല്ല നിയോജകമണ്ഡലത്തിലെ 145.5 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഇടംനേടി. ഇതിൽ പ്രധാനം കടപ്ര - വീയപുരം ലിങ്ക് ഹൈവേയുടെ വികസനത്തിന് 2 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളതാണ്. അപ്പർകുട്ടനാടൻ മേഖലയുടെ വികസനത്തിന് വഴിതെളിക്കുന്ന കടപ്ര - വീയപുരം ലിങ്ക് ഹൈവേയ്ക്ക് 10 കോടി രൂപയാണ് അടങ്കൽ തുക. ഇതിന്റെ 20 ശതമാനം തുകയാണ് ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്. നെടുമ്പ്രം പഞ്ചായത്തിലെ സ്റ്റേഡിയത്തിന്റെ വികസനത്തിന് 40 ലക്ഷം രൂപ വകകൊള്ളിച്ചതാണ് ബഡ്ജറ്റിലെ മറ്റൊരു വലിയ പ്രഖ്യാപനം. നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് സമീപത്തെ ഈ സ്റ്റേഡിയത്തിന്റ വികസനത്തിന് രണ്ട് കോടി രൂപയാണ് അടങ്കൽ തുക. ഏറെക്കാലമായി അവഗണനയിലായിരുന്ന സ്റ്റേഡിയത്തിന് 20 ശതമാനം തുക ബഡ്ജറ്റിൽ അനുവദിച്ചത് കായികപ്രേമികൾക്ക് ആശ്വാസമായി.
ബഡ്ജറ്റിൽ ടോക്കൺ തുകയുമായി ഇടംപിടിച്ച മറ്റ് പദ്ധതികൾ തിരുവല്ല വിദ്യാഭ്യാസ കോംപ്ലക്സ് (15 കോടി), തിരുവല്ല സബ് ട്രഷറി (അഞ്ച് കോടി), കുറ്റപ്പുഴ പി.എച്ച്.സി (3.5 കോടി) മന്നംകരച്ചിറ പാലം (6.5 കോടി) അട്ടക്കുളം - വായ്പൂര് റോഡ് (10 കോടി) കുറ്റപ്പുഴ - മാർത്തോമ്മാ കോളേജ് - കിഴക്കൻമുത്തൂർ റോഡ് (5 കോടി) ഡക്ക് ഫാം - ആലംതുരുത്തി - കുത്തിയതോട് - ഇരമല്ലിക്കര റോഡ് (10 കോടി) സ്വാമിപാലം (5.5 കോടി) പന്നായി - തേവേരി റോഡ് (6 കോടി) കറ്റോട് പാലം (5 കോടി) നിരണം ഇരതോട്ടിൽ സബ് സെന്ററും ക്യാമ്പ് ഷെൽട്ടറും (5 കോടി) ആലംതുരുത്തി - പനച്ചമൂട് - തോക്കനടി -ചക്കുളത്തുകടവ് - പനച്ചമൂട് (8 കോടി) തേലപ്പുഴ കടവ് പാലം (15 കോടി)
നടയ്ക്കൽ - മുണ്ടിയപ്പള്ളി - പുന്നിലം - കമ്മാളത്തകിടി റോഡ് (6 കോടി) കാഞ്ഞിരത്തുംമൂട് - ചാത്തങ്കരി കടവ് - മണക്ക് റോഡ് (10 കോടി) മഞ്ഞാടി - ആമല്ലൂർ - കുറ്റപ്പുഴ റോഡ് (8 കോടി) കണ്ണംപ്ലാവ് - കുളത്തൂർമൂഴി റോഡ് (10 കോടി)
തിരുവല്ല നിയോജകമണ്ഡലത്തിന് ബഡ്ജറ്റിൽ കുറേക്കൂടി പ്രവർത്തികൾക്ക് തുക അനുവദിച്ച് കിട്ടേണ്ടിയിരുന്നു. അത് നേടിയെടുക്കാൻ തുടർന്നും പരിശ്രമിക്കും. മാത്യു ടി.തോമസ് എം.എൽ.എ.