മാലിന്യവിമുക്ത കേരളം: കോൺക്ളേവ് ഇന്നു മുതൽ

Saturday 04 February 2023 12:09 AM IST

കൊച്ചി: ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജിക്ക് (ജി.ഇ.എക്‌സ് കേരള 23) ഇന്ന് എറണാകുളം മറൈൻഡ്രൈവിൽ തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി. രാജീവ്, ജർമ്മൻ കോൺസുലേറ്റ് ജനറൽ ആചിം ബർക്കാർട്ട് എന്നിവർ മുഖ്യാതിഥികളാകും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയിൽ

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള അന്താരാഷ്ട്ര സാങ്കേതിക വിദ്യകളും യന്ത്രസംവിധാനങ്ങളും സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകളും പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകളുണ്ടാകും.

പാനൽ ചർച്ചകൾ, സെമിനാറുകൾ, സംരംഭക സമ്മേളനങ്ങൾ, ഓപ്പൺ ഫോറങ്ങൾ, ടെക്‌നിക്കൽ സെഷനുകൾ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയും നടക്കും. കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. മാലിന്യസംസ്‌കരണ രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങൾ ആവിഷ്കരിക്കാൻ കോൺക്ലേവ് സഹായകമാകും.

ഹരിതകേരള മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, അമൃത്, ഇംപാക്ട് കേരള ലിമിറ്റഡ്, കേരള വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.