തീവെട്ടിക്കൊള്ള,​ പെട്രോൾ,​ ഡീസൽ ₹ 2 സെസ്,​ ഭൂമി ന്യായവില കൂട്ടി,​ കാർ,​ ബൈക്ക് വില കൂടും

Saturday 04 February 2023 12:17 AM IST

തിരുവനന്തപുരം: പെട്രോളിനും ഡീസിലിനും ലിറ്ററിന് രണ്ടു രൂപവീതം സെസ് ഏർപ്പെടുത്തിയും ഭൂമിയുടെ ന്യായവില കുത്തനെ ഉയർത്തിയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് ഇരുട്ടടിയായി. ഇളവുകൾ കാര്യമായൊന്നുമില്ല. ജന ജീവിതവുമായി ബന്ധപ്പെട്ട സകലതിനും വില കയറും.

കെട്ടിട നിർമ്മാണ സാമഗ്രികളായ പാറയ്ക്കും മണലിനും റോയൽറ്റി കൂട്ടി. കെട്ടിടനികുതി, വിവിധതരത്തിലുള്ള അപേക്ഷാഫീസ്,പെർമിറ്റ് നിരക്ക്, പരിശോധനാഫീസ് എന്നിവയും വർദ്ധിപ്പിച്ചു. മദ്യത്തിനും വില കൂട്ടി. രാവിലെ ഒൻപതിന് തുടങ്ങി, 11.15ന് പൂർത്തിയായ ബഡ്ജറ്റിലെ നികുതി പ്രഖ്യാപനങ്ങൾ കേട്ട് ജനങ്ങൾ തരിച്ചിരുന്നു.

2955 കോടിരൂപയുടെ അധികധനം കണ്ടെത്തുമ്പോൾ, ഇളവുകൾ വെറും 50 കോടിരൂപയിൽ ഒതുങ്ങി. ക്ഷേമപെൻഷനുകൾ ഒരു രൂപ പോലും കൂട്ടിയില്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയും പെൻഷൻപരിഷ്ക്രണ ഗഡുവും പരിഗണിച്ചില്ല. പെൻഷൻ പ്രായം കൂട്ടുന്ന നിർദ്ദേശവും അവഗണിച്ചു. മാനനഷ്ടം,സിവിൽ,നിയമലംഘന കേസുകളിൽ ക്ളെയിം തുകയുടെ ഒരു ശതമാനം കോടതിഫീസ് ഈടാക്കും. പുതിയ നികുതി ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും.

*ഭൂമിയുടെ ന്യായവില 20 % കൂട്ടി

*ഫ്ളാറ്റ്/അപ്പാർട്ട്‌മെന്റ് മുദ്രവില

5 ശതമാനത്തിൽ നിന്ന് ഏഴാക്കി

കെട്ടിട നികുതി, അപേക്ഷാഫീസ്, പെർമിറ്റ് നിരക്ക് ഉയർത്തും

വിലക്കയറ്റം നിയന്ത്രിക്കാൻ 2000കോടി

തദ്ദേശ സ്ഥാപനങ്ങൾക്ക് 14,149കോടി

ലൈഫ് മിഷനിൽ 71,861 വീട്, 30ഭവനസമുച്ചയം

റബർ വിലയിടിവ് തടയാൻ 600കോടി

കെ.എസ്.ആർ.ടി.സി.ക്ക് 1031കോടി

സാമൂഹ്യസുരക്ഷാപെൻഷന് 9764കോടി

*കുടുംബശ്രീയ്ക്ക് 260കോടി

# വാഹനം വാങ്ങുന്നവരെ

പിഴിയും

*പെട്രോൾ, ഡീസൽ ലിറ്ററിന് 2രൂപ വീതം സാമൂഹ്യ സുരക്ഷാ സെസ്

*2ലക്ഷം രൂപവരെ വിലയുള്ള പുതിയ ബൈക്കുകളുടെ നികുതി 2% കൂട്ടി

5-15 ലക്ഷംവരെ വിലയുള്ള പുതിയ കാറുകൾക്കും

സ്വകാര്യസർവീസ് വാഹനങ്ങൾക്കും 5ലക്ഷംമുതൽ 15ലക്ഷം വരെയുള്ളവയ്ക്ക് 2 ശതമാനം നികുതി കൂട്ടി. ഇതിനേക്കാൾ കുറവും കൂടുതലും വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനം നികുതി കൂട്ടി.

*പുതിയ ബൈക്കുകൾക്ക് 100, കാറുകൾക്ക് 200, ഇടത്തരം വാഹനങ്ങൾക്ക് 300, ഹെവിവാഹനങ്ങൾക്ക് 500 രൂപ വീതം സെസ്.

മദ്യത്തിന് ₹ 40 വരെ കൂടും

*500- 999രൂപ വരെ വിലയുള്ള ഇന്ത്യൻ വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20രൂപ.

1000രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40രൂപ. ഇതോടെ

247 ശതമാനമായിരുന്ന പൊതുവില്പന നികുതി 251 ശതമാനമായി വർധിച്ചു.

# അല്പം ആശ്വാസം

*പുതിയ ഇലക്ട്രിക് ക്യാബ്, ടൂറിസ്റ്റ് ക്യാബ് നികുതി 6% മുതൽ 20%വരെ ആയിരുന്നത്

വിലയുടെ 5% മായി കുറച്ചു

*കോൺട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്ക് നികുതിയിൽ 10 % കുറവ്

*അൺഎയ്ഡഡ് സ്പെഷ്യൽസ്കൂൾ വാഹനങ്ങൾക്ക് നികുതി സർക്കാർ സ്കൂൾ വാഹനങ്ങൾക്ക് തുലമാക്കി കുറച്ചു

*പാട്ട ആധാരങ്ങളുടെ രജിസ്ട്രേഷൻ ഫീസ് 1000രൂപയാക്കി കുറച്ചു

അധിക

ധനസമാഹരണം

(തുക കോടിയിൽ)

2016-17 - 805

2017-18 - 0(അധികതുക ഇല്ല )

2018-19 - 970.40

2019-20 -1785

2020-21 - 1103

2021-22 - 200

2022-23 - 602

2023-24 - 2955

'കേന്ദ്രവിഹിതം കുറയുന്നത് മൂലമുള്ള പ്രതിസന്ധി മറികടന്ന് സാമ്പത്തികമേഖല ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ബഡ്ജറ്റ് ഇത്തരത്തിലാക്കിയത് "

-കെ.എൻ. ബാലഗോപാൽ,

ധനമന്ത്രി