പ്രവാസികൾക്ക് ആശ്വസിക്കാൻ വക നൽകി സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ; വിമാനടിക്കറ്റ് നിരക്കിലെ വർദ്ധനവ് നിയന്ത്രിക്കാൻ നടപടികൾ

Saturday 04 February 2023 12:13 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിലെ വിവിധ നികുതിയിനങ്ങളിൽ വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും പ്രവാസികൾക്ക് ആശ്വാസകരമായ ഇടപെടലുകൾ ഉറപ്പ് നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗൾഫ് മേഖലയെ അലട്ടുന്ന വിമാനടിക്കറ്റ് നിരക്കിലെ വർദ്ധനവ് പിടിച്ചുനിർത്താനായുള്ള നടപടികളെ കുറിച്ച് അദ്ദേഹം സംസ്ഥാന ബഡ്ജറ്റ് അവതരണത്തിനിടയിൽ പ്രതിപാദിച്ചു.

സീസൺ കാലയളവുകളിൽ വിമാനക്കമ്പനികൾ സാധാരണയിൽ നിന്നും ഇരട്ടിയിലധികം നിരക്കാണ് പ്രവാസികളിൽ നിന്നും ഈടാക്കി വരുന്നത്. ഇതിന് പരിഹാരം കാണാനായി നോർക്ക റൂട്ട്സ് മുഖാന്തരം പ്രത്യേക പോർട്ടൽ നിർമിക്കാനാണ് നിർദേശം. പ്രത്യേക പോർട്ടലിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കും. കൂടാതെ ചാർട്ടേഡ് വിമാനങ്ങൾക്കായി 15 കോടിയുടെ കോർപസ് ഫണ്ടെടുക്കും. ജില്ലകൾ തോറും എയർസ്ട്രിപ്പുകളും ഏർപ്പെടുത്തും.

ചാർട്ടേഡ് വിമാനങ്ങളുടെ ടിക്കറ്റ് കുറഞ്ഞ നിരക്കിൽ ക്രമീകരിക്കാനാണ് കോർപസ് ഫണ്ട് രൂപീകരിക്കുന്നത്. ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസ് കമ്പനികളുമായും പ്രവാസി സംഘടനകളുമായും വിഷയത്തിൽ സഹകരിച്ച് ചർച്ചകൾ നടത്തിയതായി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു.