പൊലീസ് ജീപ്പിന്റെ ചില്ല് തകർത്ത പ്രതി പിടിയിൽ

Saturday 04 February 2023 1:29 AM IST

കൊല്ലം: മദ്യലഹരിയിൽ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്ത കേസിൽ പനയം, എ.കെ.ജി ജംഗ്ഷനിൽ, പാവൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ ശരത്തിനെ (24) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഇഞ്ചവിള ഭാഗത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ജീപ്പിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയുമായിരുന്നു. സ്റ്റേഷനിലെ മേശയും ലൈറ്റുകളും ടാപ്പുകളും നശിപ്പിച്ചു. 25000 രൂപയുടെ നഷ്ടം ഉണ്ടായി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയശങ്കർ, ഹുസൈൻ, എ.എസ്.ഐ വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.