കൊല്ലത്തും മറൈൻ ഡ്രൈവ്

Saturday 04 February 2023 1:33 AM IST

കൊല്ലം: ബോട്ട് ടെർമിനലിന് സമീപം കൊച്ചി മാതൃകയിൽ മറൈൻ ഡ്രൈവ്, കൊച്ചുപിലാംമൂട്ടിലും സാമ്പ്രാണിക്കോടിയിലും പുതിയ പാലങ്ങൾ, തങ്കശേരി ഫോർട്ട് പാർക്ക് നവീകരണം ഉൾപ്പെടെയുള്ള നിരവധി വികസന പദ്ധതികൾ ബഡ്‌ജറ്റിൽ ഇടംപിടിച്ചു.

മറൈൻ ഡ്രൈവ് വികസനത്തിന് 5 കോടി രൂപയാണ് വകയിരുത്തിയത്.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കൊല്ലം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കൊച്ചുപിലാംമൂട് പാലം വികസനത്തിന് 2 കോടി രൂപയും നീക്കിവച്ചു.

ആശ്രാമത്ത് ആരംഭിച്ച് താലൂക്ക് കച്ചേരി ജംഗ്ഷനിൽ എത്തുന്ന ലിങ്ക് റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് പിന്നാലെയാണ് കായലിനോട് ചേർന്നുള്ള റോഡിന്റെ തീരം കേന്ദ്രീകരിച്ച് മറൈൻ ഡ്രൈവായി വികസിപ്പിക്കുക. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 9.80 കോടി രൂപയുടെ പദ്ധതി റോഡ് വികസന പദ്ധതി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.

ബഡ്‌ജറ്റിൽ ഇടം നേടിയ പ്രധാന പദ്ധതികൾ

 സാമ്പ്രാണിക്കോടി - കുരീപ്പുഴ പാലം - 75 കോടി

 തങ്കശേരി ഫോർട്ട് പാർക്ക് നവീകരണം - 2കോടി

 വലിയപാലം - ഇരുമ്പുപാലം, കാഞ്ഞിരുംകുഴി - പെരിനാട് റെയിൽവേ സ്റ്റേഷൻ, ചിന്നക്കട- വെള്ളയിട്ടമ്പലം, കല്ലുപാലം- ലക്ഷ്മിനട ജംഗ്ഷൻ, ഉളിയക്കോവിൽ റോഡുകളുടെ വികസനം - 5 കോടി

 കൊല്ലം - തിരുമുല്ലവാരം തീർത്ഥാടന വിനോദ സഞ്ചാര കേന്ദ്രം - 5 കോടി

 മീനത്തുചേരിയിലെ വിവിധ തുരുത്തുകളിൽ പാർശ്വ സംരക്ഷണവും ഡ്രെയ്നേജും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും - 5കോടി

 കരിപ്പുഴ - പാണംമുക്കം - കടവൂർ പാലം ഇൻവെസ്റ്റിഗേഷൻ - 50 ലക്ഷം

 അഷ്ടമുടി റൂറൽ ടൂറിസം സർക്യൂട്ടിനായി സാമ്പ്രാണിക്കോടിയിൽ ബോട്ട് ടെർമിനലും മറ്റ് അടിസ്ഥാന സൗകര്യ വികസനവും- 3കോടി

 ഉളിയക്കോവിൽ റോഡ് ബി.സി നവീകരണം- 1.50 കോടി

 തൃക്കരുവ മിനിസ്റ്റേഡിയം ടർഫിംഗും അനുബന്ധ പ്രവൃത്തികൾ - 1.5 കോടി

 അഷ്ടമുടി - പേഴുംതുരുത്ത് പാലം ഇൻവെസ്റ്റിഗേഷൻ- 50 ലക്ഷം

 കൊല്ലം- പനയം താന്നിക്കമുക്ക് ഹൈടെക്ക് ഫിഷ് മാർക്കറ്റ്

 അഞ്ചാലും മൂട് ജംഗ്ഷൻ വികസനം- 3 കോടി

 തങ്കശേരി ഹാർബറിലെ മത്സ്യത്തൊഴിലാളികൾക്കായി ലോക്കൽ റൂമുകൾ - 5 കോടി