ഇന്ധന വില വർദ്ധനയ്ക്ക് കാരണം കേന്ദ്ര നയം, എന്താ അത് മിണ്ടാത്തത്; മാദ്ധ്യമങ്ങളെ വിമർശിച്ച് എം വി ഗോവിന്ദൻ

Saturday 04 February 2023 11:41 AM IST

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ധന വില വർദ്ധനയ്ക്ക് കാരണം കേന്ദ്ര നയമാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധന വില വർദ്ധനയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ച മാദ്ധ്യമങ്ങളെ ഗോവിന്ദൻ വിമർശിക്കുകയും ചെയ്തു.

ഇന്ധന സെസ് എം വി ഗോവിന്ദന്റെ വാഹന യാത്രയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ട്. സെസ് ചുമത്തിയത് ബഡ്ജറ്റിന്റെ നിർദേശം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിർദേശങ്ങളിൽ ചർച്ച നടത്തിയാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. കേന്ദ്ര സർക്കാരാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. അത് മറക്കാൻ സംസ്ഥാനത്തിന്റെ സെസ് ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ധന വില വർദ്ധനയ്ക്ക് കാരണം കേന്ദ്രമാണ്. എന്താ അത് മിണ്ടാത്തതെന്നായിരുന്നു എം വി ഗോവിന്ദന്റെ മറു ചോദ്യം. അതേസമയം സംസ്ഥാന ബഡ്ജറ്റിലെ നീതി വർദ്ധനയെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ന്യായീകരിച്ചു.

ശമ്പളവും പെൻഷനും കൊടുക്കണ്ടേ. കേന്ദ്രം പണം തന്നില്ലെങ്കിൽ വികസന പ്രവർത്തനങ്ങൾ എങ്ങനെ നടത്തുമെന്ന് കാനം ചോദിച്ചു. ഏത് നികുതി നിർദേശവും പ്രതിഷേധമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതികരണം മുന്നണി ചർച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.