വിഴിഞ്ഞം തുറമുഖം വന്നുകഴിയുമ്പോൾ തിരുവനന്തപുരത്തെ 75 കിലോമീറ്റർ നീളുന്ന ഈ പ്രദേശങ്ങൾ സമ്പന്നമാകും: വികസനം ഇങ്ങനെ

Saturday 04 February 2023 11:51 AM IST

തിരുവനന്തപുരം: വ്യാവസായിക ഇടനാഴി ഉൾപ്പെടെ വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനങ്ങൾക്കായി ആദ്യഘട്ടത്തിൽ 66,000 കോടി രൂപ ചെലവിടേണ്ടി വരുമെന്ന് കെ.എൻ.ബാലഗോപാലിന്റെ ബഡ്‌ജറ്റ് പ്രസംഗം. തുറമുഖത്തിന്റെ ചുറ്റുപാടുമുളള മേഖലയിൽ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കും. ഇതിന്റെ ഭാഗമായി നിർമ്മാണം തുടങ്ങാൻ പോകുന്ന ഔട്ടർ റിംഗ് റോഡിനെ വ്യാവസായിക ഇടനാഴിയാക്കും. 5000 കോടി ചെലവ് വരുന്ന ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലുകൾക്കായി 1000 കോടി രൂപയാണ് ബഡ‌്ജറ്റിൽ അനുവദിച്ചത്.ലാൻഡ് പൂളിംഗ് സംവിധാനവും പി.പി.പി വികസന മാർഗങ്ങളും ഉപയോഗപ്പെടുത്തിയാകും 66,000 കോടിയുടെ ആദ്യഘട്ട വികസനം. വിഴിഞ്ഞം മുതൽ തേക്കട വഴി ദേശീയപാത 66ലെ നാവായിക്കുളം വരെ 63 കിലോമീറ്ററിലും തേക്കട മുതൽ മംഗലപുരം വരെ 12 കിലോമീറ്ററിലുമായാണ് വ്യാവസായിക ഇടനാഴി.ഇതോടെ തിരുവനന്തപുരത്തെ ഗ്രാമ-നഗരങ്ങൾ തമ്മിലുളള അന്തരം ഇല്ലാതാകും. സ്വകാര്യ സംരംഭകരെയും ഭൂമിയുടമകളെയും ഉൾപ്പെടുത്തിയാകും വികസന പദ്ധതികൾ തയ്യാറാക്കുക.

ഒരു മുഴം നീട്ടിയെറിഞ്ഞ് സർക്കാർ

തുറമുഖത്ത് ആദ്യ കപ്പൽ സെപ്‌തംബറിലെത്തുകയും കമ്മിഷൻ അടുത്ത വർഷം പൂർത്തിയാവുകയും ചെയ്യുമെങ്കിലും 2029-30 സാമ്പത്തികവർഷത്തിൽ മാത്രമേ വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് അദാനി ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് ലാഭം ലഭിക്കുകയുളളൂ. 2029-30 സാമ്പത്തിക വർഷം 1114 കോടി രൂപ വരുമാനം ലഭിക്കുമ്പോൾ 129 കോടി രൂപയുടെ ലാഭമാകും അദാനിക്കെന്നാണ് വിസിലിന്റെ റിപ്പോർട്ട്. 2040 മുതലാകും സംസ്ഥാനസർക്കാരിന് തുറമുഖത്തിൽ നിന്ന് വരുമാനം ലഭിക്കുക.ആകെ വരുമാനത്തിന്റെ ഒരു ശതമാനമാണ് സർക്കാരിന് ലഭിക്കുന്നത്.എന്നാൽ തുറമുഖ അനുബന്ധ വികസനം വഴി വൻ വരുമാനം സംസ്ഥാനത്തിന് ലഭിക്കുമെന്നത് മുന്നിൽക്കണ്ടാണ് വ്യാവസായിക ഇടനാഴിയടക്കമുളള പദ്ധതികളിലേക്ക് സർക്കാർ നീങ്ങുന്നത്.