പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച് സി പി എം ലോക്കൽ സെക്രട്ടറി, ഭാര്യയ്ക്ക് അയച്ചതാണെന്ന് വിശദീകരണം
Saturday 04 February 2023 3:34 PM IST
കാസർകോട്: പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സി പി എം ലോക്കൽ സെക്രട്ടറി അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലി വിവാദം. സി പി എം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് അശ്ലീല സന്ദേശമയച്ച് വിവാദത്തിലായത്.
മൂന്ന് ദിവസം മുൻപാണ് രാഘവന്റെ സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വരുന്നത്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് ഇയാൾ. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേയ്ക്ക് പോകുന്നതിനിടെ അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റാർക്കോ അയച്ച സന്ദേശം മാറി പാർട്ടി ഗ്രൂപ്പിൽ എത്തിയതാണെന്നാണ് പറയുന്നത്.
ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിൽ പോയതെന്നാണ് രാഘവൻ പറഞ്ഞത്. എന്നാൽ സ്ത്രീകൾ അടക്കമുള്ള ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച രാഘവനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.