കെട്ടിട നമ്പർ തട്ടിപ്പ്: അന്വേഷണം മരവിപ്പിൽ

Sunday 05 February 2023 12:02 AM IST
corp

കോഴിക്കോട്: നഗരത്തെ പിടിച്ചുകുലുക്കിയ കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അന്വേഷണം നിലച്ചിട്ട് മാസങ്ങളായി. രജിസ്റ്റർ ചെയ്ത 12 കേസുകളിൽ ഒരു കേസിൽ പ്രതികളെ പിടികൂടിയെങ്കിലും ഇവരെല്ലാം ജാമ്യം നേടി പുറത്താണ്. കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് 12 കേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പത്ത് കേസുകളാണ് ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്നുണ്ടായ പരാതിയിലാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്.

തട്ടിപ്പ് പുറത്ത് വന്നതിനെ തുടർന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസി.കമ്മിഷണർ എം.എം. സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. ഈ സംഘമാണ് ഒരു കേസിൽ പ്രതികളെ പിടികൂടിയത്. തുടന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അതിനിടെ കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്നുൾപ്പെടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം കൂടി വന്നു. ഈ കേസിന്റെ അന്വേഷണം ഏറെക്കുറെ പൂർത്തിയായതോടെ കെട്ടിടനമ്പർ തട്ടിപ്പ് കേസ് അന്വേഷണം സജീവമാക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മിഷണർ ടി.എ. ആന്റണിയ്ക്കും സ്ഥലംമാറ്റം ലഭിച്ചതോടെ അന്വേഷണം മരവിച്ചു. അന്വേഷണത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന മേയർ ഡോ. ബീന ഫിലിപ്പ് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. പുതിയ വിവാദങ്ങൾ ഉയർന്നതോടെ ഏറെ സമരങ്ങൾ നടത്തിയ പ്രതിപക്ഷവും ഇപ്പോൾ മൗനത്തിലാണ്.

കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങളുടെ വസ്തു നികുതി നിർണയ വിവരങ്ങൾ എൻട്രി ചെയ്ത് സൂക്ഷിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ ഓൺലൈൻ സോഫ്റ്റ് വെയറായ 'സഞ്ചയ'യിൽ ജീവനക്കാർക്ക് അനുവദിച്ച ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്താണ് വൻ തട്ടിപ്പ് നടന്നത്. നഗരത്തിലെ ആറ് കെട്ടിടങ്ങൾക്കാണ് ഇത്തരത്തിൽ നമ്പർ അനുവദിച്ചതായി ആദ്യം കണ്ടെത്തിയത്.

ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥരെ കോർപ്പറേഷൻ സെക്രട്ടറി സസ്‌പെൻഡ് ചെയ്തിരുന്നു. ഈ ജീവനക്കാരെയെല്ലാം പിന്നീട് തിരിച്ചെടുത്തു.

@ കോർപ്പറേഷനിലെ തട്ടിപ്പുകൾ വിജലൻസ്

പ്രാഥമിക അന്വേഷണത്തിൽ

കെട്ടിട നമ്പർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പ്രാഥമിക അന്വേഷണം തുടരുന്നുണ്ട്. മിന്നൽ പരിശോധനയ്ക്ക് ശേഷം സർക്കാർ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ നിയമം ചുമത്തി വിജിലൻസ് അന്വേഷിക്കുമ്പോൾ കൂടുതൽ സമഗ്രമാവുമെന്നതിലാണ് പ്രതീക്ഷ. മിന്നൽ പരിശോധനകളിൽ നിരവധി ക്രമക്കേടുകൾ വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ജീവനക്കാരല്ലാത്തവരുടെ സാന്നിദ്ധ്യവും പ്രവർത്തനവും കോർപ്പറേഷൻ ഓഫീസിൽ നടക്കുന്നുണ്ടെന്ന കണ്ടെത്തലുൾപ്പടെയാണ് വിജിലൻസ് മിന്നൽ പരിശോധന റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്.

Advertisement
Advertisement