ബഡ്ജറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കും: എം.പി. അഹമ്മദ്

Sunday 05 February 2023 3:10 AM IST

കോഴിക്കോട്: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കാനുള്ള ശ്രമമാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബഡ്‌ജറ്റിൽ നടത്തിയിട്ടുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. ഇതിനായി പുതിയ നികുതികളും സെസും ഏർപ്പെടുത്തി.

നിലവിലുള്ള നികുതികളും ഫീസും ഉയർത്തി. എന്നാൽ, നിലവിലുള്ള നികുതിവരുമാനച്ചോർച്ച തടയാൻ ഫലപ്രദമായ നിർദേശങ്ങളൊന്നും ബഡ്‌ജറ്റിലില്ല. നികുതിച്ചോർച്ച തടഞ്ഞാൽ പുതിയ നികുതിനിർദേശങ്ങളില്ലാതെ തന്നെ സർക്കാരിന് മുന്നോട്ടുപോകാനാകും. സ്വർണവ്യാപാര മേഖലയിലെ നികുതിച്ചോർച്ച തടയാൻ കർശന നടപടിയുണ്ടാകുമെന്ന് ബഡ്‌ജറ്റിന് മുമ്പ് ധനമന്ത്രി പറഞ്ഞിരുന്നു. പക്ഷേ, ബഡ്‌ജറ്റിൽ ഇതുസംബന്ധിച്ച നിർദേശങ്ങളില്ല.

ആഭ്യന്തര ഉത്‌പാദനവും നിക്ഷേപവും തൊഴിലും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന മേയ്‌ക്ക് ഇൻ കേരള പദ്ധതി സ്വാഗതാർഹമാണ്. പുതിയ നിക്ഷേപം ആകർഷിക്കുമ്പോൾ തന്നെ നിലവിലുള്ള മാനുഫാക്‌ചറിംഗ് വ്യവസായം പ്രോത്സാഹിപ്പിക്കാൻ പദ്ധതി വേണം. ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാത്തതിനാൽ പല വ്യവസായികളും കേരളത്തിന് പുറത്ത് യൂണിറ്റുകൾ തുറക്കാൻ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തെക്കുറിച്ച് മനസിലാക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം.

വ്യവസായികൾക്കുള്ള ആംനെസ്‌റ്റി പദ്ധതിയുടെ കാലാവധി നീട്ടണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിക്ക് ആയിരം കോടി രൂപ വകയിരുത്തിയത് സ്വാഗതാർഹം. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടാനും അപ്പാർട്ട്‌മെന്റുകളുടെ മുദ്ര‌വില അ‌ഞ്ചിൽ നിന്ന് 7 ശതമാനമാക്കാനുള്ള നിർദേശം ഭവനനിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കും. ഈ നിർദേശങ്ങളിൽ മാറ്റം വരുത്താൻ ധനമന്ത്രി തയ്യാറാകണം.

വിമാനടിക്കറ്റ് വിലവർദ്ധനമൂലം പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും വിമാനക്കമ്പനികളുടെയും പിന്തുണ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും എം.പി.അഹമ്മദ് പറഞ്ഞു.

Advertisement
Advertisement