നാളെ ഞാൻ ഒ.കെയാണ് ...നാളെ വിളിക്കൂ..., വാണി ജയറാമിന്റെ അവസാന അഭിമുഖം കേരളകൗമുദിക്ക്

Sunday 05 February 2023 4:52 AM IST

വാണിജയറാം കേരളത്തിലെ ഒരു മാദ്ധ്യമപ്രവർത്തകന് നൽകിയ അവസാന അഭിമുഖം.

പഴയ സൗഹൃദത്തിലാണ് ഞാൻ വാണിയമ്മയെ വിളിച്ചത്.. ഫെബ്രുവരി മൂന്നിന് 11 മണിക്ക്. വാണിയമ്മയുടെ മരണം റിപ്പോർട്ട് ചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ്. മൂന്നു റിംഗിൽ ഫോണെടുത്തു, ' വാണിയമ്മയെ കണക്ട് ചെയ്യാമോ...? ഞാനാണ് വാണി ജയറാം...

കൗമുദി വാരാന്ത്യപ്പതിപ്പിലേക്ക് പത്മഭൂഷൺ നിറവിൽ എന്നൊരു ഫീച്ചറിന്റെ കാര്യം പറഞ്ഞു-

തൊണ്ടയ്ക്ക് പ്രശ്‌നമുണ്ട്. ത്രോട്ട് ഇൻഫെക്‌ഷനാണ്. എങ്കിലും കുറച്ച് സംസാരിക്കാം...

മുക്കാൽ മണിക്കൂർ സംസാരിച്ചു. നാളെ വിളിക്കണമെന്നും ചെന്നൈയിലേക്ക് വരണമെന്നും പറഞ്ഞു നിറുത്തി..

ആ നാളെ ഇനി വരില്ല. വാണിയമ്മ പാടി മറഞ്ഞു...

പൂർത്തിയാകാത്ത ആ അഭിമുഖത്തിൽ നിന്ന്....

പതിനായിരം പാട്ടുകൾ, അവസാനം പത്മഭൂഷൺ...?

പത്മഭൂഷൺ ആരാണ് ആഗ്രഹിക്കാത്തത്. 19 ഭാഷകളിൽ പാടി. പതിനായിരമാണോ, അതിലും കൂടുതലുണ്ടാവും. നിങ്ങളുടെ നാട്ടിൽ ആയിരത്തോളം പാടിയില്ലേ. കേന്ദ്രസർക്കാരിനും എന്നെ വളർത്തിയ ഗുരുനാഥന്മാർക്കും എന്റെ സംഗീത സംവിധായകർക്കും ഗാനരചയിതാക്കൾക്കുമെല്ലാം ഈ പുരസ്‌കാരം സമർപ്പിക്കുന്നു.

മലയാളം അർഹിക്കുന്ന അംഗീകാരം നൽകിയോ..?

പാടുന്നതൊന്നും അവാർഡിന് വേണ്ടിയായിരുന്നില്ല. മൂന്ന് ദേശീയ അവാർഡുകൾ കിട്ടി. പിന്നെ താൻസൻ അവാർഡ്, തമിഴ്‌നാടിന്റെ രണ്ട് അവാർഡ്, ആന്ധ്ര, ഒറീസ സംസ്ഥാന അവാർഡുകളും കിട്ടി. അവിടെയൊന്നും മലയാളത്തിൽ പാടിയത്ര പാട്ടുകൾ ഇല്ല. കേരള സർക്കാർ ഒരവാർഡ് നൽകാത്തത് നിങ്ങൾ പത്രപ്രവർത്തകർ അന്വേഷിക്കൂ. കേരളത്തിന്റെ ഒരവാർഡിനേക്കാൾ സ്‌നേഹം ലോകത്തെവിടെപ്പോയാലും മലയാളികൾ എനിക്ക് തരുന്നുണ്ട്. എത്ര അവാർഡ് ജേതാക്കൾക്ക് ഈ സ്‌നേഹം കിട്ടുന്നുണ്ടാവും. മലയാളത്തിൽ എത്രയോ പാട്ടുകാരില്ലേ. അവരെ ആരെയെങ്കിലും എന്നെ വിളിച്ച് സംസാരിക്കുന്നത് പോലെ നിങ്ങൾക്ക് മലയാളത്തിൽ സംസാരിക്കാനാവുമോ. ഭാഷ അറിഞ്ഞേ ഞാൻ പാടിയിട്ടുള്ളൂ. എന്റെ മലയാളം കേട്ടാൽ തമിഴ്‌നാട്ടുകാരിയാണെന്ന് ആരെങ്കിലും പറയുമോ....? എൺപതിലേക്ക് കടക്കുകയാണ്. പുലിമുരുകൻ, ക്യാപ്റ്റൻ, 1983 ആക്‌ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിലെ പാട്ടുകൾക്ക് കിട്ടുന്ന ആദരവ് കുറച്ചൊന്നുമല്ല. അതിലും വലിയ അവാർഡ് വേണോ?.

പാട്ടുകാലം ഓർക്കുമ്പോൾ...?

തികഞ്ഞ സംതൃപ്തി. പാട്ടല്ലാതെ ഒരു ബിസിനസുമില്ലെനിക്ക്. പാടി പാടിയങ്ങ് തീരണം. ഞങ്ങൾക്ക് മക്കൾപോലുമില്ല. എല്ലാം പാട്ടാണ്. അദ്ദേഹം പോയ ശേഷവും ഞാൻ ജീവിക്കുന്നത് പാട്ടിന്റെ മാസ്മരികത കൊണ്ടുമാത്രം. അമ്മ പത്മാവതിയിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്. അച്ഛൻ ദുരൈസ്വാമി എല്ലാറ്റിനും കൂടെ. എട്ടാംവയസിൽ മദ്രാസ് റേഡിയോ സ്റ്റേഷനിലൂടെയാണ് ശബ്ദം പുറംലോകം കേൾക്കുന്നത്. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ.ബാല സുബ്രഹ്മണ്യൻ, ആർ.എസ്.മണി എന്നിവരിൽ നിന്നാണ് കർണാടക സംഗീതം അഭ്യസിച്ചത്. പാട്യാല ഖരാനയിലെ ഉസ്താദ് അബ്ദുൾ റഹ്‌മാൻ ഖാൻ ഹിന്ദുസ്ഥാനിയും പഠിപ്പിച്ചു.

ആദ്യഗാനം തന്നെ ഹിറ്റ്, അഞ്ച് അവാർഡും.....

ശരിയാണ്. 1971ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ 'ഗുഡ്ഡി ' എന്ന ചിത്രത്തിലെ 'ബോലേ രേ പപീ' എന്ന ഗാനം. അതാണ് ഹിന്ദിയിൽ കാലുറപ്പിക്കാൻ ഇടയാക്കിയത്. ജയറാമുമായുള്ള വിവാഹത്തിന് ശേഷമാണ് മുംബയിലേക്ക് പോകുന്നത്. സംഗീതാസ്വാദകനായ ജയറാമിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമയിൽ പാടുന്നത്. ഗുഡ്ഡിക്കു ശേഷം ഹിന്ദിയിൽ സിനിമകളുടെ കുത്തൊഴുക്കായിരുന്നു. ചിത്രഗുപ്ത്, നൗഷാദ്, മദൻമോഹൻ, ഒ.പി.നയ്യാർ, ആർ.ഡി.ബർമ്മൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മീകാന്ത് പ്യാരേലാൽ തുടങ്ങി പ്രശസ്തരായ എല്ലാ സംഗീതജ്ഞരുടെയും പാട്ടുകൾ പാടി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ, ലതാമങ്കേഷ്‌കർ, ആശാ ബോസ്ലേ തുടങ്ങിയവർക്കൊപ്പവും പാടി.......

മലയാളവും മലയാളികളും...:? കേരളവും മലയാളികളും എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. അവിടേക്ക് വരുമ്പോൾ അപരിചിതത്വം ഇല്ല. അവിടത്തെ ഭക്ഷണം, ആളുകൾ, സൗഹൃദങ്ങൾ, തെങ്ങോലകളെ തഴുകിവരുന്ന കാറ്റുവരെ എനിക്ക് പ്രിയപ്പെട്ടതാണ്. സലീൽദായാണ് മലയാളത്തിലേക്ക് ക്ഷണിക്കുന്നത്. 'സ്വപ്നം' എന്ന ചിത്രത്തിൽ 'സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി...'പാട്ട് ഹിറ്റായതോടെ അവസരങ്ങൾ ഒരു പാട് വന്നു. വയലാർ, ഒ.എൻ.വി, ശ്രീകുമാരൻ തമ്പി, ഭാസ്‌കരൻ മാഷ്, പൂവച്ചൽ ഖാദർ, യൂസഫലി തുടങ്ങിയവരുടെ വരികളിൽ അനുഗ്രഹീത സംഗീതജ്ഞരായ ആർ.കെ.ശേഖർ, എം.കെ.അർജുനൻമാസ്റ്റർ, രാഘവൻമാഷ്, കെ.വി.മഹാദേവൻ, ദക്ഷിണാമൂർത്തി സ്വാമി, എ.ടി.ഉമ്മർ, ശ്യാം, ജോൺസൻ എന്നിവരുടേതടക്കം എണ്ണമറ്റ പാട്ടുകൾ പാടി. നിരവധി വിളികൾ വരുന്നുണ്ട് മലയാളത്തിൽ നിന്ന്. വയ്യാത്തതുകൊണ്ട് പലതും ഒഴിവാക്കി. എന്നിട്ടും നാല് പാട്ട് പാടിയില്ലേ. പറ്റിയാൽ ഇനിയും പാടാം....

മലയാളത്തിലെ പ്രിയപ്പെട്ട പാട്ടുകൾ....?

എല്ലാം പ്രിയപ്പെട്ടവയാണ്.മഹാരാഷ്ട്രയിലും ഗുജറാത്തിലും ചെന്നൈയിലുമെല്ലാം പരിപാടികളിൽ ഞാൻ മലയാളം പാട്ട് പാടാറുണ്ട്. തിരുവോണ പുലരിയിൽ.. , നാദാപുരം പള്ളിയിലെ... സീമന്തരേഖയിൽ ചന്ദനം ചാർത്തി , തേടി തേടി ഞാനലഞ്ഞു... വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...., കിളിയേ കിളിയേ.., ആഷാഢമാസം ആത്മാവിൽ മോഹം..., നാടൻപാട്ടിലെ മൈന, ഏതോജന്മകൽപനയിൽ..., ഒന്നാനാം കുന്നിൻമേൽ കൂടുകൂട്ടും തത്തമ്മേ....അവസാനം പാടിയ ക്യാപ്റ്റനിലെ പെയ്തലിഞ്ഞ നിമിഷവും, പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ, ആക്‌ഷൻ ഹീറോ ബിജുവിലെ പൂക്കൾ പനിനീർപൂക്കൾ, 1983യിലെ ഓലഞ്ഞാലിക്കുരുവിയുമെല്ലാം എനിക്ക് പ്രിയപ്പെട്ടത് തന്നെ....പറഞ്ഞുവന്നാൽ പാടിയ മലയാളം പാട്ട് മുഴുവൻ ഒറ്റവരിപോലും മറക്കാതെ ഞാനങ്ങ് പാടിത്തരും...

മലയാളത്തിലെ പുതിയ പാട്ടുകൾ ?

പ്രതിഭയുള്ള ഒരുപാട് പാട്ടുകാരും സംഗീതജ്ഞരും മലയാളത്തിൽ വരുന്നുണ്ട്. സമയം കിട്ടുമ്പോഴൊക്കെ കേൾക്കാറുണ്ട്. റീമിക്‌സാണ് സഹിക്കാനാവാത്തത്. റീമിക്‌സിന് പകരം ഇവർക്ക് പുതിയ പാട്ടുകൾ ഉണ്ടാക്കിയാൽ പോരെ. പഴയപാട്ടുകൾ സാരിയും ജിമിക്കിയും അണിഞ്ഞ സ്ത്രീയെപ്പോലെയാണ്. ജീൻസും ടീഷർട്ടുമിടുന്ന പെൺകുട്ടി ജിമിക്കിയും മറ്റും അണിഞ്ഞാൽ എങ്ങനെയിരിക്കും. അതുപോലെയാണീ റീമിക്‌സുകൾ ഉണ്ടാക്കുന്ന അലോസരം. ഇതിൽ ഒരുവിവാദത്തിന് ഞാനില്ല.

പാട്ടുകഴിഞ്ഞാൽ....?

പാട്ടല്ലാത്ത മറ്റൊരു ബിസിനസുമില്ലെനിക്ക്. പിന്നെ കവിതയെഴുത്ത്, പാട്ടെഴുത്ത്, പെയിന്റിംഗ്‌, എംബ്രോയിഡറി എല്ലാമുണ്ട്. മുപ്പത് കവിതകളുടെ ഒരു സമാഹാരം തമിഴിൽ പുറത്തിറക്കി. ഭക്തിഗാനങ്ങളും ഒരു കാസറ്റായിറക്കി. പാട്ടുകൾ മാത്രം ഒരു പുസ്തകമാക്കാൻ ആലോചിക്കുന്നു......അതിനിടെയാണ് അദ്ദേഹത്തിന്റെ വേർപാട്. എന്റെ പാട്ടു ജീവിതത്തിന് വേണ്ടി ജോലിപോലും ഉപേക്ഷിച്ച് കൂടെനിന്ന ആളാണ്.

കൂടുതൽ ചോദ്യങ്ങൾ അവർ വിലക്കി. നാളെ വിളിക്കൂ...

നല്ല ചുമയുണ്ടായിരുന്നു. ശബ്ദത്തിൽ ഇടർച്ചയും...

'ശരി മാം നാളെ വിളിക്കാം...'

ഏതോ ജന്മ കൽപനപോലെ ...ആ കാത്തിരിപ്പിന് നീളം കൂടുകയാണ്.