സി.പി.എമ്മിലും മുന്നണിയിലും അതൃപ്തി ,​ നികുതിഭാരം കുറച്ചേക്കും

Saturday 04 February 2023 10:05 PM IST

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ബഡ്ജറ്റിൽ കൊണ്ടുവന്ന രണ്ട് രൂപ സെസ് ജനരോഷം കണക്കിലെടുത്ത് സർക്കാർ പിൻവലിക്കുകയോ ഒരു രൂപയായി കുറയക്കുകയോ ചെയ്തേക്കും.

നികുതിഭാരം കടുത്തുപോയെന്ന അഭിപ്രായം ഇടതുമുന്നണിയിലും സി.പി.എമ്മിലും ശക്തമാണ്. ഭൂമിയുടെ ന്യായവില 20 ശതമാനം ഉയർത്തിയതിലും എതിർപ്പുണ്ട്. ഉപഭോക്തൃസംസ്ഥാനത്ത് ഡീസൽ വിലവർദ്ധന വിലക്കയറ്റമുണ്ടാക്കും. ശക്തമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിറുത്തിയ സർക്കാരെന്ന സൽപേര് ഇതോടെ നഷ്ടമാകും.

സി.പി.എം അണികളും അനുഭാവികളുമൊക്കെ അസംതൃപ്തരാണ്. സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ തമ്മിൽ നടന്ന അനൗപചാരിക ചർച്ചകളിൽ ഇക്കാര്യം വിഷയമായി. ബഡ്ജറ്റിന്മേൽ നടക്കാനിരിക്കുന്ന പൊതുചർച്ചയ്ക്കൊടുവിൽ ധനമന്ത്രി ഇളവുകൾ പ്രഖ്യാപിക്കാനാണിട.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ സംസ്ഥാന ജാഥ തുടങ്ങാനിരിക്കെയുള്ള സെസ് തീരുമാനം തിരിച്ചടിക്കുമെന്ന് സിപി.എം ആശങ്കപ്പെടുന്നു. ഫെബ്രുവരി 20നാണ് കാസർകോട്ട് ജാഥ ആരംഭിക്കുന്നത്. ഇന്ധനത്തിനുൾപ്പെടെ വിലക്കയറ്റം,​ കോർപ്പറേറ്റ് പ്രീണനം തുടങ്ങിയവയാണ് പ്രചാരണ വിഷയം. ഈ സാഹചര്യത്തിൽ ലിറ്ററിന് രണ്ട് രൂപ സെസ് പിരിച്ചുകൊണ്ട് എങ്ങനെ ജനത്തെ സമീപിക്കുമെന്ന ചോദ്യമാണ് അണികളുയർത്തുന്നത്.

സെസ് പോലെ സുപ്രധാന തീരുമാനമെടുക്കും മുമ്പ് പാർട്ടി, മുന്നണി തലങ്ങളിൽ കൂടിയാലോചന വേണമായിരുന്നുന്നെന്ന അഭിപ്രായം സി.പി.എം സി.പി.ഐ നേതൃത്വത്തിനുണ്ട്. അമിതനികുതിഭാരം അടിച്ചേല്പിച്ചതിനെതിരെ പ്രതിപക്ഷം സമരം ശക്തിപ്പെടുത്തുകയുമാണ്.

ഇന്നലെ കൊച്ചിയിൽ മുഖ്യമന്ത്രിയുമായി എം.വി. ഗോവിന്ദൻ കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെ, ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാമല്ലോ എന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. തിരുത്തലുണ്ടാകുമെന്ന സൂചനയാണിത്. കാനവും സമാനനിലയിൽ പ്രതികരിച്ചിട്ടുണ്ട്. സെസ് ഏർപ്പെടുത്തിയത് പ്രശ്നമാകുമെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ദൃശ്യമാദ്ധ്യമത്തോട് പ്രതികരിച്ചത്.

മറുവാദവുമായി ധനമന്ത്രി

60 ലക്ഷം കുടുംബങ്ങൾക്ക് ക്ഷേമപെൻഷൻ മുടങ്ങാതിരിക്കാൻ അധികവിഭവസമാഹരണം വേണം.

കിഫ്ബിയുടെ കടമെടുപ്പിനെ സംസ്ഥാന കടബാദ്ധ്യതയിൽ ചേർത്ത് 2700 കോടി രൂപ വെട്ടിക്കുറച്ചുള്ള ഇരുട്ടടിയെത്തിയത് ബഡ്ജറ്റിന് തലേന്നാണ്. ഇതോടെ വേറെ പോംവഴിയില്ലാതെ,​ ഇന്ധനത്തെയും മദ്യത്തെയും ആശ്രയിച്ചെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ അനാവശ്യ ചെലവുകൾ ഇല്ലാതാക്കിയും നികുതിപിരിവ് കാര്യക്ഷമമാക്കിയും പ്രതിസന്ധി മറിടക്കാമായിരുന്നില്ലേയെന്ന മറുചോദ്യവുമുയരുന്നു.

പെട്രോൾ സംസ്ഥാന നികുതിയും വിലയും

കേരളം

30.08% നികുതി + 1രൂപ അധികനികുതി,+ 1രൂപ കിഫ്ബി സെസ്: വില 107.71

( ഇതിൻമേലാണ് 2രൂപ കൂടുക)

തമിഴ്നാട്

13 % നികുതി +11.52രൂപ അധികനികുതി: വില 102.63

കർണാടകം

25.92% നികുതിമാത്രം: വില 101.94

Advertisement
Advertisement