ലൈഫ് മിഷനിൽ ഇടമില്ലാതായി : കലേഷിന് വീടൊരുക്കി സേവാഭാരതി

Sunday 05 February 2023 12:16 AM IST
കലേഷും കുടുംബവും താമസിച്ചിരുന്ന വീട്

മല്ലപ്പള്ളി : ലൈഫ് ഭവനപദ്ധതിയിൽ ഇടംകിട്ടാതെ പോയ പെയിന്റിംഗ് തൊഴിലാളിക്കും കുടുംബത്തിനും സേവാഭാരതി വീടൊരുക്കി. ചുങ്കപ്പാറ പാറേമാവിൽ വീട്ടിൽ പി.എസ്.കലേഷിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. ഹൃദ് രോഗിയായ ഭാര്യയും പ്ലസ് വൺ വിദ്യാർത്ഥി മകനുമൊപ്പം കലേഷ് ടാർപാളിൻ വലിച്ചുകെട്ടിയ കുടിലിലായിരുന്നു താമസം. വർഷങ്ങളായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി കോട്ടാങ്ങൽ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. ആർ.എസ്.എസ് മണ്ഡലം കാര്യവാഹ് ശ്യാം, അനീഷ് കുമാർ, അങ്കൂർ രാജ് പ്രവർത്തകരായ കിരൺ പ്രസാദ്, ഋഷി നാഥ്, എന്നിവർ ഭവന സന്ദർശനത്തിന് എത്തിയതപ്പോൾ ആണ് കലേഷിന്റെ ദുരിതജീവിതം അറിയുന്നത്. ഇവർ ആർ.എസ്.എസ് സേവാപ്രമുഖ് സി.എൻ.രവികുമാർ ,ജില്ലാ സേവാപ്രമുഖ് എൻ.സന്തോഷ് കുമാർ എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് കോട്ടാങ്ങൽ സേവാഭാരതി പഞ്ചായത്ത് അദ്ധ്യക്ഷൻ ബിനുരാജ് അദ്ധ്യക്ഷനും പഞ്ചായത്തംഗം അഖിൽ എസ്.നായർ സെക്രട്ടറിയും ഹരികുമാർ ,സുനിൽ തോമസ്, അനൂപ് മുക്കാട്ട്, ദിലീപ്, ബി.രഞ്ജിത്, ശ്രീകുമാർ കെ.കെ എന്നിവർ അംഗങ്ങളുമായി ഭവന നിർമാണ കമ്മറ്റി രൂപീകരിച്ചു. തുടർന്ന് കോട്ടാങ്ങൽ ദേവസ്വം വാങ്ങി നൽകിയ 6 സെന്റ് സ്ഥലത്ത് സ്വപ്ന ഭവനം ഉയർന്നു. 8 മാസം കൊണ്ടാണ് 10 ലക്ഷം രൂപ ചെലവിൽ ഭവന നിർമ്മാണം പൂർത്തീകരിച്ചത്. താക്കോൽ ദാനം 11ന് പാലാ മഠാധിപതി സ്വാമി വീതസംഗാനന്ദയുടെ സാന്നിദ്ധ്യത്തിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും. ആർ.എസ്.എസ് വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. സംസ്ഥാന സേവാ പ്രമുഖ് കെ.കൃഷ്ണൻകുട്ടി പങ്കെടുക്കും.