കൂടത്തായി കേസ് വിസ്താരം മാർച്ച് ആറ് മുതൽ

Sunday 05 February 2023 12:21 AM IST
ജോളി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിലെ റോയ് തോമസ് വധക്കേസിൽ സാക്ഷി വിസ്താരം മാർച്ച് ആറിന് ആരംഭിക്കും. മേയ് 18 വരെയാണ് വിസ്താരം . മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ്.ആർ.ശ്യാംലാലിന്റെതാണ് ഉത്തരവ്.

അവധി ദിവസങ്ങളും മറ്റും ഒഴിവാക്കിയുള്ള വിചാരണക്ക് ഹാജരാവാൻ 158 സാക്ഷികൾക്ക് സമൺസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. വിചാരണ കോടതി മാറ്റണമെന്നാശ്യപ്പെട്ട് മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷയും കേസിൽ കുറ്റവിമുക്തയാക്കണമെന്ന ഹർജി പ്രത്യേക കോടതി തള്ളിയതിനെതിരെ നൽകിയ അപേക്ഷയും ഹൈക്കോടതിയുടെ പരിഗനയിലാണ്. ഹൈക്കോടതിയിൽ കേസുള്ളപ്പോൾ കീഴ്‌ക്കോടതിയിൽ സാക്ഷി വിസ്താരം തുടങ്ങുന്നത് നീട്ടണമെന്ന ആവശ്യം നിരസിച്ചതിനെതിരെ നൽകിയ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ ജോളിയടക്കം നാല് പ്രതികൾക്ക് കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. മുഖ്യ പ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി, സയനൈഡ് നൽകിയെന്ന് ആരോപണമുയർന്ന ജ്വല്ലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്.മാത്യു എന്ന ഷാജി, സ്വർണ്ണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസിയത്ത് നിർമ്മിച്ചുവെന്ന് കുറ്റം ചുമത്തിയ മനോജ് കുമാർ എന്നിവരാണ് പ്രതികൾ. ജോളി ആദ്യ ഭർത്താവ് റോയ് തോമസിനെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ മറ്റ് പ്രതികളുടെ സഹായത്തോടെ ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്നാണ് കേസ്. പ്രതിഭാഗത്തിനായി അഡ്വ. ഹിജാസ് അഹമ്മദും പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണികൃഷ്ണനും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.സുബാഷും ഹാജരായി.