ബസുകൾ കുറഞ്ഞിട്ടും ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് റെക്കാഡ്

Sunday 05 February 2023 12:35 AM IST

കൊച്ചി: മണ്ഡല- മകരവിളക്ക് കാലത്ത് സർവീസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടും റെക്കാഡ് വരുമാനം സ്വന്തമാക്കി കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോ. 2.95 കോടി രൂപയാണ് ഇത്തവണത്തെ വരുമാനം. മണ്ഡലകാലത്ത് 1.95 കോടിയും മകരവിളക്ക് കാലത്ത് ഒരു കോടി രൂപയും വീതമാണ് ടിക്കറ്റ് വരുമാനം.

2018-19 സീസണിൽ ലഭിച്ച 3.05 കോടി രൂപയായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വരുമാനം. അന്ന് 38 ബസുകളായിരുന്നു എറണാകുളത്തു നിന്ന് പമ്പയിലേക്ക് സർവീസ് നടത്തിയത്. ഇത്തവണ ഇത് 23 എണ്ണമായിരുന്നു. 2018 ലേതിൽ നിന്ന് ടിക്കറ്റ് നിരക്കിൽ വർദ്ധനയുണ്ടായെങ്കിലും 15 ബസുകൾ കുറയ്ക്കുന്നത് മണ്ഡല- മകരവിളക്ക് കാലത്തെ വരുമാനത്തെ ബാധിക്കുമെന്നാണ് കരുതിയിരുന്നത്.

കൊവിഡിനുശേഷം നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയ ആദ്യ മണ്ഡല- മകരവിളക്ക് തീർത്ഥാടനമായിരുന്നു ഇത്തവണത്തേത്. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിരുന്നു. 1,34,325 തീർത്ഥാടകരാണ് എറണാകുളത്ത് നിന്ന് കെ.എസ്.ആർ.ടി.സിയിൽ പമ്പയിലേക്ക് സഞ്ചരിച്ചത്.

ജീവനക്കാർക്ക് പ്രത്യേക ചുമതല ഏഴ് ജീവനക്കാർക്ക് അധിക ചുമതല നൽകിയാണ് ഡിപ്പോയിൽ നിന്നുള്ള മണ്ഡല- മകരവിളക്ക് സർവീസുകൾ ക്രമീകരിച്ചത്. ഒരു സ്‌പെഷൽ ഇൻചാർജ് ഉദ്യോഗസ്ഥൻ, മൂന്ന് സ്‌റ്റേഷൻ മാസ്റ്റർമാർ, മൂന്ന് വെഹിക്കിൾ സൂപ്പർവൈസർമാർ എന്നിങ്ങനെയായിരുന്നു ക്രമീകരണം.

ട്രെയിനുകളിൽ വരുന്ന തീർത്ഥാടകർ ബസിൽ കയറുന്നതനുസരിച്ചാണ് സർവീസ് നടത്തിയത്. പ്രതിദിനം കുറഞ്ഞത് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വരുമാനമുണ്ടായിരുന്നു. 40 സർവീസ് വരെ നടത്തിയ ദിവസങ്ങൾ ഇത്തവണയുണ്ടായി. തിരികെ വരുന്ന ബസുകൾ അതേദിവസം തന്നെ വീണ്ടും സർവീസ് നടത്തിയാണ് തീർത്ഥാടകരെ പമ്പയിലെത്തിച്ചത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു ഇത്തവണ തിരക്ക് കൂടുതൽ.

എറണാകുളം പമ്പ സർവീസ് (ബസ്, എണ്ണം, ടിക്കറ്റ് നിരക്ക് ക്രമത്തിൽ )

സൂപ്പർ ഫാസ്റ്റ്- 10- 305 ഫാസ്റ്റ് പാസഞ്ചർ- 10- 295 ഡീലക്സ്- 02- 351 എക്സ്‌പ്രസ്- 01- 336

ആകെ ബസുകൾ - 23

പാർക്കിംഗ് ഉടക്ക് വെല്ലുവിളിയായി സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പമ്പ ബസുകൾ സർവീസ് നടത്തിയത്. മുൻ വർഷങ്ങളിൽ ആറ് മുതൽ 10 വരെ ബസുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്നു. സ്ഥലപരിമിതിയും തിരക്കും പറഞ്ഞ് റെയിൽവേ ഇത്തവണ അതൃപ്തി പ്രകടിപ്പിച്ചു. ഒരേസമയത്ത് രണ്ടു ബസുകൾ മാത്രമേ പാർക്ക് ചെയ്യാൻ അനുമതി നൽകിയുള്ളു. ഈ ബസുകൾ തീർത്ഥാടകരുമായി പോയ ശേഷമേ അടുത്ത രണ്ട് ബസുകൾ പ്രവേശിക്കാവൂവെന്നായിരുന്നു റെയിൽവേ അധികൃതരുടെ നിർദേശം. സമയനഷ്ടം കാരണം നിരവധി തീർത്ഥാടകർ ഈ സന്ദർഭത്തിൽ ടാക്സികളെ ആശ്രയിച്ചു. ഇല്ലെങ്കിൽ വരുമാനം ഇതിലും വർദ്ധിച്ചേനെയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

കുറ്റമറ്റ രീതിയിൽ ഇത്തവണ സർവീസ് നടത്താനായി. കാര്യമായ പരാതികൾ ഒന്നുമുണ്ടായില്ല ബിനിൽ പമ്പ സർവീസ് ഇൻ-ചാർജ്