കൂടുതൽ സൈനിക സ്‌കൂളുകൾ ആരംഭിക്കും: കേന്ദ്രമന്ത്രി ഡോ.അജയ് ഭട്ട്

Sunday 05 February 2023 1:39 AM IST
കോഴിക്കോട് മലാപറമ്പ് വേദവ്യാസ വിദ്യാലയം സൈനിക് സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയ രാജ്യരക്ഷാ വകുപ്പ് സഹമന്ത്രി ഡോ. അജയ് ഭട്ടിനെ മുതിർന്ന പ്രചാരകൻ എസ്.സേതുമാധവൻ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി.ഗോപാലൻകുട്ടി, പ്രിൻസിപ്പൽ എം.ജ്യോതീശൻ, സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ശങ്കരൻ, തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുന്നു

കോഴിക്കോട് : രാജ്യത്ത് പങ്കാളിത്ത രീതിയിൽ നൂറ് സൈനിക സ്‌കൂളുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര പ്രതിരോധ, വിനോദ സഞ്ചാര സഹമന്ത്രി ഡോ.അജയ് ഭട്ട് പറഞ്ഞു. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സൈനിക സ്‌കൂളിന്റെ ഔപചാരിക ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക സ്‌കൂളുകളോട് സമൂഹത്തിന് കൂടുതൽ ആഭിമുഖ്യം ഉണ്ടായിട്ടുണ്ട്. പല ഭാഗങ്ങളിൽ നിന്നും കൂടുതൽ സൈനിക വിദ്യാലയങ്ങൾ ആരംഭിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് അനുവാദം നൽകും. സൈനിക സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങളുണ്ട്. മൂന്നു സേനകളിലും കോസ്റ്റ് ഗാർഡിലും ഡി.ആർ.ഡി.ഒയിലടക്കം വിവിധ തസ്തികകളിൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. പി.പി.പി മോഡലിൽ ഇതിനകം 18 വിദ്യാലയങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞു. വിദ്യാലയ സമിതി അദ്ധ്യക്ഷൻ പി.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ആർ. എസ് .എസ് മുതിർന്ന പ്രചാരക് എസ് സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി. ഗോപാലൻകുട്ടി കേന്ദ്ര മന്ത്രിക്ക് ഉപഹാരം നൽകി. എൻ.സി.സി ഒമ്പതാം ബറ്റാലിയൻ കമാണ്ടിംഗ് ഓഫീസർ കേണൽ സി. എസ്. ശർമ സൈനിക വിദ്യാലയത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.സൈനിക സ്‌കൂളിലെ മികച്ച കാഡറ്റിനുള്ള ഉപഹാരം കൃഷ്ണാനന്ദ് ഖുണ്ഡോഗ്ബാം പി.ശങ്കരനിൽ നിന്ന് ഏറ്റുവാങ്ങി.അഡ്വ.കൃഷ്ണവർമ്മ ,അഡ്വ.സിന്ധു.സി, ജയലക്ഷ്മി പ്രസാദ്, സ്‌കൂൾപ്രിൻസിപ്പൽ എം.ജ്യോതീശൻ, ലിജി രാജീവ് എന്നിവർ സംസാരിച്ചു.കേരളത്തനിമ ദൃശ്യാവിഷ്‌കാരം, സൈനിക സ്‌കൂൾ വിദ്യാർത്ഥികളുടെ കലാവിഷ്‌കാരം എന്നിവയുമുണ്ടായി.

Advertisement
Advertisement