മാലിന്യസംസ്‌കരണം:   മനോഭാവം മാറണമെന്ന് മുഖ്യമന്ത്രി

Sunday 05 February 2023 12:40 AM IST

കൊച്ചി: മാലിന്യസംസ്‌കരണത്തിൽ പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറൈൻഡ്രൈവിൽ ഇന്നലെ ആരംഭിച്ച ഗ്ലോബൽ എക്‌സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിൽ വലിയ പുരോഗതി കൈവരിച്ചെങ്കിലും ശുചിത്വ പരിപാലനരംഗത്ത് സംസ്ഥാനം വേണ്ടത്ര മുന്നേറ്റമുണ്ടാക്കിയില്ല. മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ വല്ലാത്ത നിസഹകരണമാണ് പലരിൽ നിന്നുമുണ്ടാകുന്നത്. ഉയർന്ന വിദ്യാഭ്യാസം നേടിയവർപോലും ഈ നിലയിൽ പെരുമാറുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

ചെറിയ സഞ്ചികളിൽ മാലിന്യം വലിച്ചെറിയുന്നത് ഏറെക്കുറെ പരിഹരിച്ചു. നദികളിലെ വെള്ളം മലിനമാക്കുന്നതിലും മാറ്റമുണ്ടാകണം. നോർവെ സന്ദർശനത്തിൽ മനസിലാക്കിയ ഒരു കാര്യം അവിടെ കുപ്പിവെള്ളം ഇല്ലായെന്നതാണ്. കുടിക്കാൻ പൈപ്പിൽ നിന്നുള്ള വെള്ളമാണെടുക്കുന്നത്. അവിടെ ലഭ്യമാകുന്ന വെള്ളം ശുദ്ധമാണ്. വിദേശരാജ്യങ്ങളിലേക്കുവരെ അവർ വെള്ളം കയറ്റിയയക്കുന്നു. നമ്മുക്കും അതിനു കഴിയണം.

മാലിന്യശേഖരണത്തിനെത്തുന്നവരോട് സഹകരിക്കാൻ തയ്യാറാകണം. അവർക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉയർത്തുന്നവരുമുണ്ട്. അടുത്തിടെ ഹരിതകർമ്മ സേനയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ ദുഷ്പ്രചാരണം നടന്നു. ശുചിത്വ കേരളത്തിനായി പ്രവർത്തിക്കുന്ന ഹരിതകർമ്മസേന യൂസർ ഫീ ഏർപ്പെടുത്തിയത് വലിയ കൊള്ളയാണെന്ന നിലയിലാണ് വിമർശനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനം തൊഴിൽ മേഖലയാണെന്ന തിരിച്ചറിവോടെ പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണം. ഈരംഗത്ത് ചെറുകിട സ്വകാര്യ സംരംഭങ്ങൾക്കും വലിയ തോതിൽ അവസരം നൽകാനാകും.
നിർമാണ മേഖലയിലെ മാലിന്യം, മുടി മാലിന്യം തുടങ്ങിയവയുടെ സംസ്‌കരണത്തിന് നിരവധി സംരംഭകർ മുന്നോട്ടുവരുന്നുണ്ട്. അവരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advertisement
Advertisement