ബ്രഹ്മോപാസകനായ ജി. ബാലകൃഷ്ണൻ നായർ 

Sunday 05 February 2023 1:46 AM IST

പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ

ജന്മശതാബ്ദി ഇന്ന്

.......................

ശ്രീനാരായണഗുരുദേവൻ രചിച്ച ലഭ്യമായ മുഴുവൻ കൃതികൾക്കും ഭാഷ്യമെഴുതാൻ ഭാഗ്യം ലഭിച്ച സുകൃതിയാണ് പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ. ഗുരുദേവകൃതികൾക്ക് വേണ്ടത്ര പ്രചാരം ലഭിക്കാത്ത കാലം.

അക്കാലത്ത് ഇടതുപക്ഷചിന്തകനായിരുന്നു. കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു. അങ്ങനെയിരിക്കെയാണ് ജീവിതത്തെ മാറ്റിമറിച്ച അത്ഭുതാവഹമായ സംഭവമുണ്ടായത്. ഏഴരവയസുള്ള മകൻ അരവിന്ദൻ ശരീരം വെടിയുന്നു. ആ മരണം അദ്ദേഹത്തെ ആത്മോപാസകനായി മാറ്റി. അരവിന്ദന്റേത് പുണ്യജന്മമായിരുന്നു. ആ ബാലൻ ടെറ്റനസ് ബാധിച്ച് രോഗശയ്യയിലായി. ആശുപത്രിയിൽ മരണക്കിടക്കയ്‌ക്ക് അടുത്തേക്ക് അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും വിളിച്ചുനിറുത്തി ശിവനാമം ജപിക്കാൻ തുടങ്ങി. മകനോടൊപ്പം അച്ഛനും അമ്മയും ശിവമന്ത്രം ഉരുവിട്ടുകൊണ്ടിരുന്നു. ഏതാണ്ട് അൻപതു മിനിറ്റ് കഴിഞ്ഞപ്പോൾ നാമജപത്തോടെ ഏവരേയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അരവിന്ദൻ ശരീരം വെടിഞ്ഞു. ഇതോടെ മനുഷ്യജീവിതത്തെ അർത്ഥപൂർണമാക്കുന്നത് ഈശ്വരസാക്ഷാത്‌കാരമാണെന്ന് ബാലകൃഷ്ണൻസാർ തിരിച്ചറിഞ്ഞു. അദ്ദേഹം ഗുരുവായി വരിച്ചത് പുത്രനെത്തന്നെയായിരുന്നു.

അന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ലക്‌ചററായിരുന്ന ബാലകൃഷ്ണൻ നായർക്ക് പാലക്കാട് വിക്‌ടോറിയ കോളേജിലേക്ക് സ്ഥലംമാറ്റമായി. കോളേജ് ലൈബ്രറിയിലെ വേദാന്തഗ്രന്ഥങ്ങൾ ഓരോന്നും സസൂക്ഷ്മം പഠിച്ചറിഞ്ഞു. പാലക്കാട്ട്, ദൈവം അദ്ദേഹത്തിന് ഒരു വരദാനം കൂടി നൽകി. അടുത്തുതന്നെ കൊപ്പം വിജ്ഞാനരമണീയാശ്രമം. അവിടത്തെ മഠാധിപതി സുരേശ്വരാനന്ദസ്വാമി താമസിക്കാനും വേദാന്തപഠനം നടത്താനുമുള്ള സൗകര്യങ്ങളൊരുക്കിക്കൊടുത്തു. രമണമഹർഷിയുടെ ഞാനാര്, തുടങ്ങിയ സദ്ഗ്രന്ഥങ്ങൾ പഠിക്കാനും അദ്ധ്യാത്മമാർഗത്തിൽ ഉയരാനും അദ്ദേഹത്തിന് സാധിച്ചു. ഇതിനിടയിൽ തൃശ്ശൂർ ശ്രീരാമകൃഷ്ണാശ്രമത്തിലെ സിദ്ധിനാഥാനന്ദസ്വാമി, മൃഡാനന്ദസ്വാമി, ശക്രാനന്ദസ്വാമി എന്നിവരുമായി ആത്മബന്ധം സ്ഥാപിച്ചു.
പാലക്കാട്ടുനിന്നും വീണ്ടും തിരുവനന്തപുരത്തേക്ക് എത്തിച്ചേർന്ന അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വേദാന്തക്ലാസുകൾ ചർച്ചാവിഷയമായി. ഉപനിഷദ്, ഭഗവത്ഗീത, ബ്രഹ്മസൂത്രം, യോഗവാസിഷ്ഠം,​ ഭാഗവതം, പഞ്ചദശി, ശങ്കരാചാര്യരുടെ വേദാന്ത കൃതികൾ എന്നിവയെ ആസ്പദമാക്കിയായിരുന്നു ക്ലാസുകൾ.

ക്ലാസിൽ തുടർച്ചയായി പങ്കെടുത്തുകൊണ്ടിരുന്ന ഡോ. പല്പുവിന്റെ ചെറുശേഷക്കാരിയായിരുന്ന പദ്മാവതിയമ്മ സാറിനെ സമീപിച്ചു. ഗുരുദേവന്റെ ആത്മോപദേശശതകം ബാലകൃഷ്ണൻനായർ സാറിന് നൽകി. ഇതുകൂടി പഠന വിഷയമാക്കണമെന്ന് അഭ്യർത്ഥിച്ചു. പഠനത്തെ തുടർന്ന് തന്നിലുണ്ടായ മാറ്റത്തെക്കുറിച്ച് ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ വച്ച് ആചാര്യൻ പറഞ്ഞതിങ്ങനെ 'ഞാൻ തനിയെ വേദാന്തം പഠിച്ചുവന്നയാളാണ്. പഠനത്തിലുണ്ടായ സംശയങ്ങൾ നിവൃത്തിച്ചുതരാൻ ആരേയും കാണാനായില്ല. അപ്പോഴാണ് ഗുരുദേവന്റെ ആത്മോപദേശശതകം എന്റെ കൈയിലെത്തിയത്. ഗുരുദേവനെ സാമൂഹിക പരിഷ്‌‌കർത്താവെന്ന നിലയിലാണ് ഞാനും കണ്ടിരുന്നത്. പക്ഷേ, ആത്മോപദേശശതക പഠനത്തിലൂടെ എനിക്കുണ്ടായിരുന്ന എല്ലാ വേദാന്തസംശയങ്ങൾക്കും നിവാരണമുണ്ടായി. ഗുരുദേവൻ കേവലമൊരു സമുദായനേതാവോ സാമൂഹിക പരിഷ്‌കർത്താവോ അല്ലേയല്ല. ഗുരു ബ്രഹ്മനിഷ്ഠനായ ജഗദ് ഗുരുവാണ്."

കേരളമൊട്ടാകെ സഞ്ചരിച്ച് ശ്രീനാരായണഗുരുവെന്ന പരമഹംസന്റെ തിരുസ്വരൂപവും ഗുരുദേവകൃതികളും ജനഹൃദയങ്ങളിലെത്തിക്കാൻ പ്രൊഫ. ജി ബാലകൃഷ്ണൻ നായർ മുഖ്യപങ്കുവഹിച്ചു. പ്രസ്ഥാനത്രയം ശ്രീശങ്കര കൃതികൾ എന്നിവയോടൊപ്പം തുല്യപ്രാധാന്യത്തോടെ ഗുരുദേവകൃതികളും എവിടെയും അംഗീകരിക്കപ്പെട്ടു. 1979 ൽ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ മുഖ്യാചാര്യനായി നിയമിതനായി. മുഖ്യാചാര്യനായിരുന്ന എം.എച്ച്. ശാസ്ത്രി സാറിന്റെ ഒഴിവിലായിരുന്നു അത്. ഗുരുദേവന്റെ ഏറ്റവും വലിയ സങ്കല്‌പമായിരുന്ന മതമഹാപാഠശാലയിൽ ആചാര്യനാകുക ഗുരുദേവാനുഗ്രഹമാണ്. അവിടെനിന്നും പഠിച്ചിറങ്ങുന്നവർക്ക് ഗൃഹസ്ഥജീവിതം നയിച്ച് വിശ്വപൗരൻമാരാകാം,​ വാസനയും യോഗ്യതയുള്ളവർക്ക് സന്ന്യാസം സ്വീകരിച്ച് ഗുരുവിന്റെ ശിഷ്യപരമ്പരയായ ശ്രീനാരായണധർമ്മസംഘത്തിൽ അംഗമായി ലോകസേവ ചെയ്യാം.

ഇന്ന് ശിവഗിരി ധർമ്മസംഘത്തിലുളള സന്ന്യാസിമാരിൽ നല്ലൊരു ശതമാനവും ബാലകൃഷ്ണൻനായർ സാറിന്റെ ബ്രഹ്മവിദ്യാശിക്ഷണത്തിലൂടെ വന്നവരാണ് .1979 മുതൽ 1990 കൾ വരെ സാർ മുഖ്യാചാര്യനായി സേവനം ചെയ്തു. ഗീതാനന്ദസ്വാമികൾ, ശാശ്വതീകാനന്ദസ്വാമികൾ, ഡോ. പി.കെ. ഗോപാലകൃഷ്ണൻ, ആർ. ഹേലി, ജി.പ്രിയദർശനൻ തുടങ്ങിയവരടങ്ങിയ കമ്മിറ്റി ഏറെ ത്യാഗം സഹിച്ചാണ് ഈ പത്ത് വാള്യങ്ങളും പ്രസാധനം ചെയ്തത്. ശ്രീനാരായണീയ ചരിത്രത്തിലെ മഹത്തായ അദ്ധ്യായമാണിത്. ശ്രീനാരായണഗുരുദേവകൃതികൾ രാജ്യമൊട്ടാകെ പ്രചരിപ്പിക്കുന്നതിൽ ഈ പ്രസിദ്ധീകരണം വലിയ സംഭാവനയാണ് ചെയ്തിട്ടുള്ളത്. ഇപ്പോൾ ആ പത്ത് വാള്യങ്ങൾ രണ്ട് ബൃഹദ് വാള്യങ്ങളായി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസാധനം ചെയ്തുവരുന്നു.

ഫെബ്രുവരി നാലിനായിരുന്നു ദേഹവിയോഗം. അന്ത്യകർമ്മമായി ഗുരുദേവന്റെ ദൈവദശകം ജപിച്ചാൽ മാത്രം മതി,​ മറ്റ് വൈദികകർമ്മങ്ങളൊന്നും വേണ്ടെന്ന് ആ ആത്മനിഷ്ഠൻ വ്യവസ്ഥചെയ്തിരുന്നു. അതുപ്രകാരം ശിവഗിരിയിലെ സന്ന്യാസിമാർ ദൈവദശക ജപം നടത്തിയിരുന്നു. സാറിന്റെ ദീപ്തമായ ജീവിതം എന്നെന്നും ലോകത്തിന് മാതൃകയായി ശോഭിക്കും.

Advertisement
Advertisement