കേരള വി.സി: സെർച്ച് കമ്മിറ്റി 3 മാസത്തേക്കു നീട്ടി ഗവർണർ

Sunday 05 February 2023 1:09 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി ഗവർണർ ഉത്തരവിറക്കി. ഇത് രണ്ടാംവട്ടമാണ് കാലാവധി മൂന്നുമാസം നീട്ടുന്നത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി നവംബർ നാലിന് അവസാനിക്കാനിരിക്കെ, നവംബർ അഞ്ചു മുതൽ മൂന്നു മാസത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ഇന്ന് കഴിയാനിരിക്കെയാണ് വീണ്ടും മൂന്നുമാസത്തേക്കു നീട്ടിയത്.

കേരള വാഴ്സിറ്റിക്ക് സ്ഥിരം വി.സിയില്ലാതായിട്ട് 5മാസമായി. ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മലിനാണ് ചുമതല. സർവകലാശാല നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മി​റ്റിക്ക് കാലാവധി. വേണമെങ്കിൽ ഒരു മാസം കൂടി നീട്ടാം. എന്നാൽ, ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിച്ച് രണ്ടുവട്ടം മൂന്നു മാസത്തേക്ക് നീട്ടുകയായിരുന്നു. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടു സത്യനാരായണയെ യു.ജി.സിയുടെയും പ്രതിനിധിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്.