റിപ്പബ്ലിക് ദിന കണ്ടിജന്റിന് രാജ്ഭവനിൽ സ്വീകരണം
Sunday 05 February 2023 1:11 AM IST
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിലും പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 116 എൻ.സി.സി. കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ സ്വീകരണം നൽകി. 77 ആൺകുട്ടികളും 39 പെൺകുട്ടികളുമാണ് സംഘത്തിലുള്ളത്. രാജ്യത്തെ 17 എൻ.സി.സി. ഡയറക്ടറേറ്റുകൾ തമ്മിൽ നടന്ന വിവിധ മത്സരങ്ങളിൽ ഒരു സ്വർണ്ണം,രണ്ട് വെള്ളി,രണ്ട് വെങ്കലം മെഡലുകൾ നേടിയ കേഡറ്റുകളെ ഗവർണർ അനുമോദിച്ചു. ഡൽഹിയിലെ റിപ്പബ്ലിക് ദിന ക്യാമ്പിലെ അനുഭവങ്ങൾ കേഡറ്റുകൾ ഗവർണറുമായി പങ്കുവച്ചു. ചടങ്ങിൽ എൻ.സി.സി.അഡിഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അലോക് ബേരി,ഗ്രൂപ്പ് കമാൻഡർമാർ,കണ്ടിജന്റിന് നേതൃത്വം നൽകിയ കേണൽ എസ്. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.