എ.ഐ.സി.സി ജനസമ്പർക്ക പരിപാടി

Sunday 05 February 2023 12:12 AM IST

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പർക്ക പരിപാടിയായ 'ഹാഥ് സെ ഹാഥ് ജോഡോ അഭിയാനും" കെ.പി.സി.സിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചും 12 മുതൽ കേരളത്തിൽ ആരംഭിക്കും. രാവിലെ 10.30ന് എറണാകുളം ഡി.സി.സി ഓഫീസിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. ഒന്നാം ഘട്ടമായി 14 മുതൽ 24 വരെ ബൂത്തുതല ഭവന സന്ദർശനങ്ങളും ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ 25 മുതൽ മാർച്ച് 21 വരെ പദയാത്രകളും സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.