കരിപ്പൂർ വിമാനത്താവള വികസനം അനിവാര്യം: പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും മന്ത്രി

Saturday 04 February 2023 11:29 PM IST

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാൻ വിമാനത്താവള വികസനം അനിവാര്യമാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ഏറ്റവും കുറഞ്ഞ അളവിൽ ഭൂമി ഏറ്റെടുത്താണ് വിമാനത്താവള റൺവേ എൻഡ് സേഫ്റ്റി ഏരിയ (ആ.ഇ.എസ്.എ) വികസനം സാദ്ധ്യമാക്കുന്നത്. ഭൂവുടമകളുടെ ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും ആരിൽ നിന്നും ബലമായി ഭൂമി പിടിച്ചു വാങ്ങുന്ന രീതി സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. സാമൂഹികാഘാത പഠനം നടത്തിയാലേ ഭൂവുടമകളും പരിസരവാസികളും നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമാവൂ. സാമൂഹികാഘാത പഠനത്തിന് ശേഷം പ്രത്യേക വിദഗ്ദ്ധ സമിതി റിപ്പോർട്ട് പരിശോധിക്കും. പഠന റിപ്പോർട്ടും ഭുവുടമകൾ ഉന്നയിക്കുന്ന പ്രധാന ആശങ്കകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. അർഹമായ നഷ്ടപരിഹാരം ലഭിച്ച ശേഷം മാത്രമേ വീടും സ്ഥലവും വിട്ടു നൽകേണ്ടതുള്ളൂ. ഭൂമി ബലമായി പിടിച്ചെടുക്കുന്ന പ്രവണത സർക്കാരിനില്ല. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങളും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും മുഖവിലക്കെടുക്കരുത്. മലബാറിനെ സംബന്ധിച്ച് എയർപോർട്ട് നിലനിൽക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ വിമാനത്താവള അതോറിറ്റി നിർമ്മാണം നടത്തുമെന്ന വ്യവസ്ഥയിലാണ് സ്ഥലം ഏറ്റെടുത്ത് നൽകുന്നത്. 14.5 ഏക്കർ സ്ഥലമാണ് വിമാനത്താവള റൺവേ എൻഡ് സേഫ്റ്റി ഏരിയ (ആർ.ഇ.എസ്.എ) വികസനത്തിന് ഏറ്റെടുക്കുന്നത്. ആർ. എഫ്. സി. ടി. എൽ. എ. ആർ. ആർ ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങൾക്ക് കെട്ടിട വിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി നൽകും. മരങ്ങൾക്കും നഷ്ടപരിഹാരം നൽകും. ഇതിനുപുറമെ പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി താമസ വീട്ടിൽ നിന്നും കുടിയിറക്കപ്പെടുന്നവർക്ക് ഒറ്റത്തവണ ധനസഹായമായി 3 ലക്ഷം രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവന ഗ്രാന്റായി ഒരു വർഷത്തേക്ക് പ്രതിമാസം 5000 രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗത ചെലവായി 50000 രൂപ, ഒറ്റത്തവണ അലവൻസായി 50,000 രൂപ എന്നിങ്ങനെ ആകെ 4.60 ലക്ഷം രൂപ ലഭിക്കും. ഇതിന് പുറമെ കന്നുകാലിത്തൊഴുത്ത് പോലുള്ളവയ്ക്ക് 50,000 രൂപ, ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ മൂന്നുവർഷം തുടർച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രതിമാസം 6000 രൂപ നിരക്കിൽ ആറുമാസത്തേക്ക് നൽകും. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നൽകേണ്ടുന്ന 5 ശതമാനം കണ്ടിൻജൻസി ചാർജ്ജ് സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
ഭൂവുടമകളുടെയും പ്രദേശവാസികളുടെയും പ്രശ്നങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നതിന് കൂടുതൽ സമയം ഭൂവുടമകളുമായും സമര സമിതി നേതാക്കളുമായും ചെലവഴിക്കുകയും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതിന് മന്ത്രി വി. അബ്ദുറഹ്മാനെ എം.എൽ.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുൽഹമീദ് എന്നിവർ യോഗത്തിൽ അഭിനന്ദിച്ചു. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ കെ. ശ്രീകുമാർ, കെ.ലത, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.കെ. മുരളി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദ് അലി, ഭുവുടമകൾ, സമര സമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

സാമൂഹികാഘാത പഠനത്തിന് ബുധനാഴ്ച തുടക്കമാവും
കരിപ്പൂർ വിമാനത്താവളത്തിലെ റൺവെ എൻഡ് സേഫ്റ്റി ഏരിയ (ആർ.ഇ.എസ്.എ) വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തിന് ബുധനാഴ്ച തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. സാമൂഹികാഘാത പഠനം നടത്തിയാൽ മാത്രമേ ഭൂവുടമകളും പ്രദേശവാസികളും നേരിടുന്ന പ്രയാസങ്ങളും ആശങ്കകളും വ്യക്തമാവൂ. ആയതിനാൽ പഠനവുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement