ആഴ്സനലിനെ വെട്ടിവീഴ്ത്തി എവർട്ടൺ
Sunday 05 February 2023 12:24 AM IST
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ മുൻ നിരക്കാരായ ആഴ്സനലിനെ അട്ടിമറിച്ച് എവർട്ടൺ. ആഴ്സനലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു എവർട്ടന്റെ വിജയം.60-ാം മിനിട്ടിൽ ജെയിംസ് തർക്കോവ്സ്കിയാണ് എവർട്ടനായി വിജയഗോളടിച്ചത്. ഈ സീസണിൽ ആഴ്സനലിന്റെ രണ്ടാമത്തെ മാത്രം തോൽവിയാണിത്.
20 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ആഴ്സനൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 45 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി ഫുൾഹാമിനോട് ഗോൾരഹിത സമനില വഴങ്ങി. 30 പോയിന്റുള്ള ചെൽസി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.