സൗദി ലീഗിൽ ആദ്യ ഗോളടിച്ച് ക്രിസ്റ്റ്യാനോ

Sunday 05 February 2023 12:26 AM IST

റിയാദ്: സൗദി പ്രോ ലീഗിൽ അൽ നസ്റിനായി ആദ്യ ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻജുറി ടൈമിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളിന് അൽ ഫത്തഹിനെതിരെ അൽ നസ്‌ർ സമനില നേടുകയും ചെയ്തു. ഇരു ടീമുകളും രണ്ടുഗോളുകൾ വീതമാണ് നേടിയത്.

12-ാം മിനിട്ടിൽ . ക്രിസ്റ്റ്യന്‍ ടെല്ലോയിലൂടെ അൽ ഫത്തഹ് ലീഡെടുത്തു. 42-ാം മിനിട്ടിൽ ആൻഡേഴ്‌സൺ ടലിസ്‌കയിലൂടെ അൽ നസ്ർ തിരിച്ചടിച്ചു. 58-ാം മിനിട്ടിൽ സോഫിയാനെ ബെൻഡെബ്കയിലൂടെ അൽ ഫത്തഹ് വീണ്ടും ലീഡെടുത്തു എന്നാൽ ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ രക്ഷകനായി അവതരിക്കുകയായിരുന്നു. സൗദി ക്ലബ്ബിനായി കളിച്ച ആദ്യ രണ്ടുമത്സരങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് ഗോളടിക്കാൻ സാധിച്ചിരുന്നില്ല. അരങ്ങേറ്റമത്സരത്തിൽ എത്തിഫാഖിനെതിരേ അൽ നസ്ർ വിജയിച്ചെങ്കിലും സൂപ്പർതാരത്തിന് മത്സരത്തില്‍ സ്വാധീനം ചെലുത്താനായില്ല. പിന്നാലെ അൽ ഇത്തിഹാദിനെതിരായ രണ്ടാം മത്സരത്തിൽ ടീം തോൽക്കുകയും സൗദി സൂപ്പർ കപ്പിൽ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.