സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ പൊളിച്ചെഴുത്തിന് സി.പി.എം

Sunday 05 February 2023 12:30 AM IST

പ്രസിഡന്റ് ഉൾപ്പടെ മുഴുവൻ ഭാരവാഹികളോടും രാജിവയ്ക്കാൻ നിർദ്ദേശം

തിരുവനന്തപുരം : കായികരംഗത്ത് പുരോഗതിയെക്കാൾ കൂടുതൽ വിവാദങ്ങൾ തഴച്ചതോടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സിക്കുട്ടനടക്കം മുഴുവൻ ഭാരവാഹികളോടും രാജിവയ്ക്കാൻ സി.പി.എം സെക്രട്ടറിയേറ്റ് നിർദ്ദേശം. ഇതനുസരിച്ച് മേഴ്സിക്കുട്ടൻ കൗൺസിൽ ചെയർമാനായ കായികമന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചതായാണ് വിവരം. എന്നാൽ തനിക്ക് രാജിസംബന്ധിച്ച് നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ഇന്നലെ പ്രസിഡന്റ് മാദ്ധ്യമങ്ങളോടു പറഞ്ഞത്. കത്ത് ലഭിച്ചതായി അറിയില്ലെന്ന് കായിക മന്ത്രി അബ്ദു റഹ്മാനും പ്രതികരിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈസ് പ്രസിഡന്റായാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിൽ ഭരണസമിതിയിലെത്തുന്നത്. അന്ന് പ്രസിഡന്റായിരുന്ന ടി.പി ദാസൻ 2019ൽ സ്ഥാനമൊഴിഞ്ഞതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി. കായികതാരമെന്ന നിലയിലെ അനുഭവപരിചയം സംസ്ഥാനത്തിന്റെ കായിക വളർച്ചയ്ക്ക് ഗുണകരമായി ഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ തീരുമാനം. എന്നാൽ കായികമേഖലയിൽ നിന്ന് കൗൺസിൽ നേതൃത്വത്തിനെക്കുറിച്ച് പരക്കെ പരാതി ഉയർന്നതിനെത്തുടർന്നാണ് അഞ്ചുവർഷ കാലാവധി പൂർത്തിയാകാൻ രണ്ടുവർഷത്തോളം ബാക്കി നിൽക്കേ മേഴ്സിക്കുട്ടനെ മാറ്റാൻ പാർട്ടി തയ്യാറായത്.പ്രസിഡന്റും വൈസ് പ്രസിഡന്റും നിരവധി ആരോപണങ്ങൾ നേരിട്ടതോടെ സ്റ്റാൻഡിംഗ് കൗൺസിൽ മൊത്തത്തിൽ പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

പരാതികൾ പലവിധം

കൗൺസിലിന്റെ പ്രവർത്തനത്തെക്കുറിച്ച് കായിക താരങ്ങളിൽ നിന്നും പരിശീലകരിൽ നിന്നും കായിക അസോസിയേഷൻ ഭാരവാഹികളിൽ നിന്നും കൗൺസിൽ ജീവനക്കാരിൽ നിന്നും കായിക പ്രേമികളിൽ നിന്നും കുറച്ചുനാളായി കടുത്തവിമർശനമാണ് ഉയർന്നിരുന്നത്.

1. കൊവിഡ് കാലത്തിന് ശേഷം ദേശീയ കായിക രംഗത്ത് കേരളത്തിന്റെ പ്രകടനം നാണംകെടുത്തുന്ന രീതിയിലേക്ക് കൂപ്പുകുത്തിയിരുന്നു. ദേശീയ ഗെയിംസിലും ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പുകളിലും മുൻനിരയിലുണ്ടായിരുന്ന സംസ്ഥാനം താഴേക്ക് പോയതിന് പ്രധാനകാരണം കൊവിഡ് കാലത്ത് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകൾ പൂർണമായി അടച്ചിട്ടതാണെന്ന് ഈ രംഗത്തെ വിദഗ്‌ധർ വിമർശനമുയർത്തിയിരുന്നു.

2. കായിക താരങ്ങളുടെ ജഴ്സിയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ സമയത്ത് നൽകാൻ പോലും കൗൺസിലിന് കഴിഞ്ഞിരുന്നില്ല.ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് ഗ്രാൻഡ് ഇനത്തിൽ പല അസോസിയേഷനുകൾക്കും ലക്ഷങ്ങളാണ് കൗൺസിലിൽ നിന്ന് ലഭിക്കാനുള്ളത്.

3.സംസ്ഥാനത്തെ കായിക അസോസിയേഷനുകളിലെ തർക്കങ്ങൾ വ്യാപകമായതും പല അസോസിയേഷനുകളിലും പിളർപ്പ് ഉണ്ടാക്കാൻ കൗൺസിൽ ഭാരവാഹികളിൽ ചിലർ ശ്രമിച്ചതും പരാതികൾക്ക് ഇടയാക്കി.പ്രസിഡന്റും വൈസ് പ്രസിഡന്റും അസോസിയേഷൻ തർക്കങ്ങളിൽ പക്ഷപാതപരമായി ഇടപെട്ടതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

4.കൗൺസിൽ ജീവനക്കാരിൽ ഒരു വിഭാഗം പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. കൊവിഡ് കാലത്ത് ജീവനക്കാരെ സ്ഥലംമാറ്റിയതിലും പ്രതിഷേധമുണ്ടായിരുന്നു. പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ അടുത്തിടെ മുൻ ജീവനക്കാർ കൗൺസിലിന് മുന്നിൽ ധർണ നടത്തിയിരുന്നു.

5.വനിതാ കായികതാരങ്ങളോടും വനിതാ ജീവനക്കാരോടും മോശമായി പെരുമാറിയ കോച്ചുമാരെയും ജീവനക്കാരെയും സംരക്ഷിക്കുന്ന രീതിയുള്ള നടപടികൾ ഉണ്ടായതും ചർച്ചയായിരുന്നു. ഹോസ്റ്റലിൽ കുട്ടികളുടെ ഭക്ഷണത്തിലടക്കം വ്യാജബിൽ സമർപ്പിച്ച് കാശുതട്ടിയ ചില ജീവനക്കാരെ അടുത്തിടെ മന്ത്രിയിടപെട്ട് സസ്പെൻഡ് ചെയ്തിരുന്നു. ഇവർ നേരത്തേ കാട്ടിയ തിരിമറികൾക്ക് നേരേ കൗൺസിൽ കണ്ണടച്ചതായാണ് ആരോപണം.

6. സ്റ്റാൻഡിംഗ് കമ്മറ്റി ചർച്ചചെയ്തെടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ പ്രസിഡന്റ് ശ്രമിക്കുന്നില്ലെന്ന് കൗൺസിൽ അംഗങ്ങൾക്കിടയിൽതന്നെ പരാതികളുണ്ടായിരുന്നു. സ്പോർട്സ് റൂളിനും ആക്ടിനും എതിരായ നടപടിക്രമങ്ങൾ പാടില്ലെന്ന സ്റ്റാൻഡിംഗ് കമ്മറ്റി നിർദ്ദേശങ്ങളും അവഗണിക്കപ്പെട്ടിരുന്നു.

പകരം ഷറഫലി?

പുതിയ പ്രസിഡന്റിനെ ഉടൻ സർക്കാർ നോമിനേറ്റ് ചെയ്യുമെന്നാണ് അറിയുന്നത്. മുൻ ദേശീയ ഫുട്ബാൾ താരവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന യു.ഷറഫലിയെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുൻ ബോക്സിംഗ് ലോകചാമ്പ്യൻ കെ.സി ലേഖ, ഫുട്ബാളർ സി.കെ വിനീത് എന്നിവർ സ്റ്റാൻഡിംഗ് കമ്മറ്റിയിലേക്ക് എത്തിയേക്കും.എന്നാൽ കായിക താരങ്ങളെ പരീക്ഷിച്ച് തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിൽ കായിക ഭരണരംഗത്ത് പ്രാവീണ്യമുള്ള രാഷ്ട്രീയക്കാരനെ പ്രസിഡന്റായി കൊണ്ടുവരണമെന്ന അഭിപ്രായവും പാർട്ടി സെക്രട്ടറിയേറ്റിൽ ഉയർന്നു. മുൻ എം.എൽ.എ പ്രദീപ് കുമാറിനാനോ ഇപ്പോഴത്തെ സ്റ്റാൻഡിംഗ് കൗൺസിൽ അംഗം എം.ആർ രഞ്ജിത്തിനോ ആകും സാദ്ധ്യത.

പ്രസിഡന്റിനെ സർക്കാരിന് നാമനിർദ്ദേശം ചെയ്യാമെങ്കിലും വൈസ് പ്രസിഡന്റ് ,സ്റ്റാൻഡിംഗ് കൗൺസിൽ അംഗങ്ങൾ എന്നിവരെ ജനറൽ ബോഡിയിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കേണ്ടത്.

ഫ്ളാറ്റ് ഒഴിഞ്ഞു

പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി നിഷേധിച്ചെങ്കിലും തിരുവനന്തപുരത്തെ പ്രസിഡന്റിന്റെ ഒൗദ്യോഗിക ഫ്ളാറ്റ് മേഴ്സിക്കുട്ടൻ ഒഴിഞ്ഞു. ഇന്നലെ വൈകിട്ട് മേഴ്സിക്കുട്ടൻ കൗൺസിൽ ആസ്ഥാനത്ത് എത്തിയിരുന്നു.

പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ സി.പി.എം തീരുമാനിച്ചിട്ടും കടിച്ചുതൂങ്ങാൻ മേഴ്സിക്കുട്ടൻ ശ്രമിക്കുന്നെങ്കിൽ അത് നാണക്കേടാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സ്പോർട്സ് കൗൺസിൽ ഭരണസമിതിയെന്നാണ് ഈ കാലത്തെ ചരിത്രം അടയാളപ്പെടുത്തുക.

- എസ്.നജ്മുദ്ദീൻ,

ജനറൽ സെക്രട്ടറി ദേശീയ കായിക വേദി