അമ്മാവൻ അനന്തിരവനെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്തി

Sunday 05 February 2023 12:39 AM IST

കൊല്ലം: അമ്മാവൻ അനന്തിരവനെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. തൃക്കരുവ പഞ്ചായത്ത് മണലിക്കട വാർഡിൽ ശ്രീകലയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരത്തിൻ കീഴിൽ വീട്ടിൽ ഒന്നര വർഷമായി വാടകയ്ക്ക് താമസിക്കുന്ന ബിനുവാണ് (38) കൊല്ലപ്പെട്ടത്.

ഇയാളുടെ അമ്മാവൻ വിജയകുമാറിനെ (48) പൊലീസ് കസ്റ്റഡിയിലെടുത്തു. ബിനു, അമ്മാവൻ വിജയ കുമാർ, അമ്മയുടെ സഹോദരി വസന്ത എന്നിവർ ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. പെയിന്റിംഗ് തൊഴിലാളിയാണ് ബിനു. വസന്തയുടെ അനുജത്തി വാസന്തിയുടെ മകനാണ് ബിനു. ബിനുവിന്റെ അച്ഛൻ കുഞ്ഞുമോനും അമ്മയും നേരത്തെ മരിച്ചു. എല്ലാദിവസവും രാത്രിയിൽ ബിനുവും അമ്മാവൻ വിജയകുമാറും തമ്മിൽ മദ്യപിച്ചശേഷം വാഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 6 ഓടെ ജോലി കഴിഞ്ഞുവന്ന ബിനു കുഞ്ഞമ്മ വസന്തയെ ഉപദ്രവിച്ചു. രാത്രി 8.30 ഓടെ വിജയകുമാർ ജോലി കഴിഞ്ഞു വീട്ടിൽ വന്നശേഷം രണ്ടുപേരും തമ്മിൽ വാക്കേറ്റവും അടിപിടിയുമായി. വീടിനകത്തിരുന്ന ഉലക്ക കൊണ്ട് വിജയകുമാർ ബിനുവിന്റെ തലയ്ക്ക് അടിച്ചു. തല പൊട്ടി രക്തം വാർന്ന് മരണം സംഭവിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബിനുവിന്റെ സഹോദരൻ അനൂപ്.