സ്‌പെഷ്യൽ പാക്കേജ് പരിഗണിച്ചില്ല: മൺറോത്തുരുത്തിന് ബഡ്‌ജറ്റിൽ കടുംവെട്ട്

Sunday 05 February 2023 12:41 AM IST

കൊല്ലം: മൺറോത്തുരുത്തിന്റെ അതിജീവന സ്പെഷ്യൽ പാക്കേജിന് ബഡ്‌ജറ്റിൽ കടുംവെട്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയിൽ ജനജീവിതം ദുസഹമായ മൺറോതുരുത്തിന്റെ രക്ഷയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.

വരുമാനമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ഗ്രാമപഞ്ചായത്തിനും സ്പെഷ്യൽ പാക്കേജ് വലിയ ആശ്വാസമാകുമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 100 കോടിയുടെ പദ്ധതി കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ ബഡ്‌ജറ്റിന് മുമ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ സ്പെഷ്യൽ പാക്കേജായി തുക ഉൾപ്പെടുത്തി സമഗ്ര വികസന പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു ലക്ഷ്യം. കൊല്ലം ജില്ലക്കായി ഒട്ടേറെ പദ്ധതികൾ ബഡ്‌ജറ്റിൽ ഇടംപിടിച്ചെങ്കിലും മൺറോത്തുരുത്തിനെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.

ജീവനോപാധികൾക്ക് മുൻതൂക്കം

കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റവും മുലം ദുരിതം പേറുന്ന മൺറോത്തുരുത്തിലെ ജനങ്ങൾക്ക് ജീവനോപാധികൾ ഒരുക്കുന്നതിനുള്ള പദ്ധതികളായിരുന്നു നിർദേശങ്ങളിൽ ഉണ്ടായിരുന്നത്. വേലിയേറ്റത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന കൃഷികൾക്ക് മുൻതൂക്കം നൽകാനും മത്സ്യക്കൃഷിക്കും പ്രാമുഖ്യമുണ്ടായിരുന്നു. വെള്ളക്കെട്ടിൽ നശിക്കാത്ത വീടുകൾ, ഷെൽട്ടർ ഹോമുകൾ തുടങ്ങിവ നിർമ്മിക്കാനും റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം, കനാലുകൾ, തോടുകൾ എന്നിവയുടെ നവീകരണത്തിനും പദ്ധതിയിൽ നിർദേശിച്ചിരുന്നു.

മൺറോത്തുരുത്തിലെ ജനങ്ങളെ ബഡ്‌ജറ്റിൽ പരിഗണിച്ചതേയില്ല. കഴിഞ്ഞ ബഡ്‌ജറ്റിൽ വേലിയേറ്റത്തെ അതിജീവിക്കുന്ന വീട് നിർമ്മാണത്തിന് രണ്ട് കോടി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പഠന റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.

വി.എസ്.പ്രസന്ന കുമാർ

ഗ്രാമ പഞ്ചായത്തംഗം