നടു ചവിട്ടിപ്പൊളിച്ചാലും ഹർത്താലിനില്ല: കെ.സുധാകരൻ

Sunday 05 February 2023 1:15 AM IST

കണ്ണൂർ: സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ . സുധാകരൻ പറഞ്ഞു. ജനത്തിന്റെ നടു ചവിട്ടിപ്പൊളിക്കുന്ന ബഡ്ജറ്റാണ് സംസ്ഥാന സർക്കാരിന്റേത്. എന്നാൽ, അതിനെതിരെ ഹർത്താൽ നടത്തില്ല. ആ സമരമുറയ്ക്ക് കോൺഗ്രസ് എതിരാണെന്നും താൻ അദ്ധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബഡ്ജറ്റിനെതിരെ സമരം നയിക്കും. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണ്. സി.പി.എം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി കൂട്ടിയ ബഡ്ജറ്റിനെക്കുറിച്ച് ഇടതു അനുഭാവികളും പ്രതികരിക്കണം. പൊതുപണം ഇങ്ങനെ കൊള്ളയടിക്കാൻ അനുവദിക്കരുത്. വരും നാളുകളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബഡ് ജറ്റിനെതിരെ പ്രതിഷേധ പരമ്പരകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement