ശബരിമല മേൽശാന്തി നിയമനം: സുപ്രീംകോടതിയുടെ പരിഗണനയിലെന്ന് സർക്കാർ

Sunday 05 February 2023 1:25 AM IST

കൊച്ചി: ശബരിമല മേൽശാന്തി നിയമനമടക്കമുള്ള വിഷയങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജിയിൽ ഈ വിഷയവുമുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മേൽശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടാണ് പരിഗണിക്കേണ്ടതെന്നും വിശദീകരിച്ചു.

ശബരിമല,മാളികപ്പുറം മേൽശാന്തിമാരുടെ നിയമനത്തിന് മലയാള ബ്രാഹ്മണരിൽനിന്നുമാത്രം അപേക്ഷ ക്ഷണിക്കുന്ന ദേവസ്വം ബോർഡിന്റെ വിജ്ഞാപനം ചോദ്യംചെയ്ത് കോട്ടയം മൂലവട്ടം സ്വദേശി സി. വിഷ്‌ണുനാരായണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാരിനുവേണ്ടി ഹാജരായ അഡ്വ. എസ്. രാജമോഹൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

മേൽശാന്തി നിയമനത്തിൽ പുരാതനകാലം മുതൽ തുടരുന്ന രീതി മാറ്റാനാവില്ലെന്നും ഒരു സമുദായത്തിൽ നിന്നുള്ളവരെ മാത്രം നിയമിക്കുന്നത് കീഴ്‌വഴക്കമാണെന്നും ദേവസ്വം ബോർഡ് നേരത്തെ വിശദീകരിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജികളിൽ വാദംകേട്ടത്.

കേസിൽ കക്ഷിചേർന്ന പീപ്പിൾ ഫോർ ഹിന്ദുധർമ്മ ട്രസ്റ്റ് വാദത്തിനായി സമയം തേടിയതിനെത്തുടർന്ന് ഹർജികൾ 25ന് പരിഗണിക്കാൻ മാറ്റി.