ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
Sunday 05 February 2023 1:47 AM IST
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ചനടത്തി. രാവിലെ എട്ടോടെ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിലെത്തിയാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച 40 മിനിട്ടോളം നീണ്ടു.
ഹൈക്കോടതി ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കാനിരിക്കെ ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് ചില മാനങ്ങളുണ്ടെന്ന് രാവിലെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് തന്റെ മകളുടെ വിവാഹത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാനാണ് ഗസ്റ്റ് ഹൗസിൽ അദ്ദേഹത്തെ സന്ദർശിച്ചതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നും ഹൈക്കോടതി പിന്നീട് പത്രക്കുറിപ്പ് ഇറക്കി.