കാട്ടാനകൾ ഇനി ബുദ്ധിമുട്ടുണ്ടാക്കിയാൽ വെടിവച്ചുകൊല്ലും, തിരുനെറ്റിയ്ക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കളുണ്ടെന്ന് ഇടുക്കി  ഡി സി സി  പ്രസിഡന്റ്

Sunday 05 February 2023 7:08 AM IST

ഇടുക്കി: കാട്ടാനകൾ ഇനിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ആനകളെ വെടിവച്ചുകൊല്ലുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു. തങ്ങൾക്ക് തമിഴ്‌നാട്ടിലും കർണാടകയിലും ഒക്കെ ആനകളെ തിരുനെറ്റിയ്ക്ക് കൃത്യമായി വെടിവയ്ക്കുന്ന സുഹൃത്തുക്കളുണ്ടെന്നും സി പി മാത്യു പറഞ്ഞു.

ആവശ്യമില്ലാത്ത പണിയിലേയ്ക്ക് പോകരുത്. ഇനി ആനകളെകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാൽ നിയമവിരുദ്ധമയാണെങ്കിലും ജനങ്ങളുടെ ജീവനെയും സ്വത്തിനെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത പ്രതിപക്ഷത്തിനുണ്ടെന്നും സി പി മാത്യു പൂപ്പാറയിൽ പറഞ്ഞു.

കാട്ടാനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ദൗത്യസംഘവും മെഡിക്കൽ സംഘവും അടിയന്തര നടപടി സ്വീകരിക്കണം. ആനയ്ക്ക് മയക്കുവെടി വയ്ക്കാനുള്ള ച‌ർച്ചയല്ല ആവശ്യം.ആനകളെ ഒന്നുങ്കിൽ കോടനാട്ടേയ്ക്ക് കൊണ്ടുപോകണം, അല്ലെങ്കിൽ അതിനുള്ള സ്ഥലം സർക്കാർ കണ്ടെത്തണം. സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വെടിവച്ചുകൊല്ലാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ഡി സി സി പ്രസിഡന്റ് വ്യക്തമാക്കി.