റെയിൽവേ: എറണാകുളത്തിന് 254.25 കോടി രൂപ

Monday 06 February 2023 12:39 AM IST

കൊച്ചി: അങ്കമാലി -എരുമേലി പാതയ്ക്ക് ഉൾപ്പെടെ റെയിൽവേ വികസനത്തിന് എറണാകുളം ജില്ലയ്ക്ക് കേന്ദ്ര ബഡ്‌ജറ്റിൽ അനുവദിച്ചത് 254.25 കോടി രൂപ. ജില്ലയ്ക്ക് അർഹമായ വിഹിതം ലഭിച്ചില്ലെന്ന പരാതി ശക്തമാണ്.

എറണാകുളം- കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടി രൂപയും കുമ്പളം -തുറവൂർ പാതയ്ക്ക് 52 കോടി രൂപയും അനുവദിച്ചതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. ഷൊർണൂർ -എറണാകുളം പാത വികസനവും എറണാകുളത്ത് പുതിയ പിറ്റ്‌ലൈനും സ്റ്റേബ്ലിംഗ് ലൈനുകളും സ്ഥാപിക്കുന്നതും ഉൾപ്പെടുത്തിയെങ്കിലും തുക അനുവദിച്ചിട്ടില്ല. തൃപ്പൂണിത്തുറയിൽ ഫ്ലൈ ഓവറിന് 25 ലക്ഷവും തൃപ്പൂണിത്തുറ മുളന്തുരുത്തി ഫ്ലൈ ഓവറിന് ഒരു കോടിയും വകയിരുത്തി.

എറണാകുളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് ബഡ്‌ജറ്റിന് മുൻപേ റയിൽവേ ബോർഡ് ചെയർമാനും റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊന്നുരുന്നി റെയിൽവേ ടെർമിനൽ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ കേന്ദ്രമന്ത്രിയോടും റെയിൽവേ അധികൃതരോടും നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണെങ്കിലും പരിഗണിച്ചില്ല.

അങ്കമാലി ശബരി റെയിൽ പാതയ്ക്ക് 100 കോടി രൂപ നീക്കിവച്ചത് ജില്ലയുടെ കിഴക്കൻ മേഖലകൾക്ക് ഗുണമാകും. എറണാകുളം -കുമ്പളം -തുറവൂർ പാത ഇരട്ടിപ്പിക്കൽ നടപടികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് എം.പി പറഞ്ഞു.

Advertisement
Advertisement