പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ കമ്മിഷനിംഗ് മാർച്ചിൽ

Monday 06 February 2023 3:12 AM IST

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും പാചകവാതകം സുലഭമാക്കാൻ ലക്ഷ്യമിടുന്ന കൊച്ചി പുതുവൈപ്പിലെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ മാർച്ച് അവസാനം പ്രവർത്തനമാരംഭിക്കും. 1,236 കോടി രൂപയുടെ പദ്ധതി 96.1 ശതമാനം പൂർത്തിയായി. സമരവും പ്രതിഷേധവും മൂലം അഞ്ചുവർഷം വൈകിയാണ് പദ്ധതി പ്രവർത്തനസജ്ജമാകുന്നത്.

കപ്പലിൽ ദ്രവരൂപത്തിൽ എത്തിക്കുന്ന പാചകവാതകം സംഭരണികളിൽ സൂക്ഷിച്ച് വാതകരൂപത്തിലാക്കി പൈപ്പ്‌‌‌ലൈനിൽ തമിഴ്നാട്ടിലെ സേലം വരെ എത്തിച്ച് സിലിണ്ടറിൽ നിറച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ടെർമിനലിലെ ജെട്ടി, 12 ദശലക്ഷം ടൺ ശേഷിയുള്ള രണ്ട് സംഭരണികൾ, ബൂസ്റ്റർ പമ്പ്, പൈപ്പ്‌ലൈൻ തുടങ്ങിയവ പൂർത്തിയായി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2016ലാണ് നിർമ്മാണമാരംഭിച്ചത്. എൽ.പി.ജി ടെർമിനൽ വിരുദ്ധസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് 2017ൽ നിർമ്മാണം നിറുത്തി. 2019 ഡിസംബർ 16നാണ് പുനരാരംഭിച്ചത്.

കൊച്ചി മുതൽ സേലം വരെ

പുതുവൈപ്പിൽ നിന്ന് പൈപ്പ്‌‌ലൈൻ വഴി അമ്പലമുഗളിലെ ബി.പി.സി.എൽ., ഐ.ഒ.സി അമ്പലമുഗൾ, ഉദയംപേരൂർ പ്ലാന്റുകൾ, പാലക്കാട്ട് ബി.പി.സി.എൽ പ്ലാന്റ് എന്നിവിടങ്ങളിൽ എൽ.പി.ജി എത്തിച്ച് സിലിണ്ടറിൽ നിറയ്ക്കും. ഐ.ഒ.സിയുടെ കോയമ്പത്തൂർ, ഈറോഡ്, സേലം പ്ലാന്റുകൾക്കും നൽകും. പുതുവൈപ്പ് മുതൽ സേലം വരെ 498 കിലോമീറ്ററാണ് പൈപ്പ്‌‌‌ലൈൻ.

നേട്ടങ്ങൾ  പ്രതിവർഷ നികുതിവരുമാനം ₹300 കോടി.

 തുറമുഖത്തിന് വരുമാനം ₹50 കോടി.  100 ബുള്ളറ്റ് ടാങ്കറുകൾ റോഡിൽ നിന്നൊഴിവാകും.  ബുക്ക് ചെയ്താൽ പിറ്റേന്ന് സിലിണ്ടർ ലഭിക്കും.

''കേരളത്തിന്റെ മുഴുവൻ എൽ.പി.ജി ആവശ്യവും നിറവേറ്റാൻ ലക്ഷ്യമിടുന്ന പദ്ധതി കമ്മിഷനിംഗിന് സജ്ജമായി. ചെറിയ ജോലികൾ മാത്രമാണ് ബാക്കി.

സൻജിബ് കുമാർ ബെഹ്‌റ,

കേരള മേധാവി,

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ