വാഹനവിപണിയിൽ വിലയുദ്ധം

Monday 06 February 2023 3:44 AM IST

കൊച്ചി: കൊവിഡ്,​ റഷ്യ-യുക്രെയിൻ യുദ്ധം,​ അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം,​ മൈക്രോചിപ്പ് ക്ഷാമം,​ വിതരണശൃംഖയിലെ പ്രതിസന്ധി,​ ഉത്‌പാദനക്കുറവ് തുടങ്ങി നിരവധി വെല്ല‌‌ുവിളികളാണ് കഴിഞ്ഞവർഷങ്ങളിൽ ഇന്ത്യൻ വാഹനവിപണി നേരിട്ടത്. 2022ൽ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വിപണി കുതിച്ചു. മൊത്തം 42.5 ലക്ഷം പുതിയ വാഹനങ്ങൾ വിറ്റഴിച്ചത് ലോകത്തെ മൂന്നാമത്തെ വലിയ വിപണിയെന്ന പട്ടവും ജപ്പാനെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ സ്വന്തമാക്കി. 42 ലക്ഷം വാഹനങ്ങളാണ് ജാപ്പനീസ് നിരത്തുകളിൽ കഴിഞ്ഞവർഷം പുതുതായി എത്തിയത്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ യഥാക്രമം. പുതിയ വണ്ടികൾ വിപണിയിലെത്തിച്ച് മാത്രമല്ല ഇന്ത്യയിലെ കമ്പനികൾ ഈ നേട്ടം കൊയ്‌തത്. ഉപഭോക്തൃവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പ്രത്യേകവാഹന ശ്രേണികളും ആനുപാതിക വിലനിർണയവും വിജയത്തിന്റെ രഹസ്യങ്ങളാണ്. ഇന്ത്യൻ വാഹനവിപണിയിൽ ഒരു പുതിയ ഉപഭോക്താവ് പ്രാധാന്യം നൽകുന്ന കാര്യങ്ങളിൽ പലപ്പോഴും ഒന്നാംസ്ഥാനത്ത് വണ്ടിയുടെ വില തന്നെയായിരിക്കും. ഇതിന് ശേഷമാണ് ഇന്ധനക്ഷമത,​ സുരക്ഷ,​ സൗകര്യം തുടങ്ങിയവ ആലോചിക്കുക. അതുകൊണ്ട് തന്നെ പുത്തൻ വാഹനം അവതരിപ്പിക്കുമ്പോൾ ശരിയായ വിലവിഭാഗത്തിലാണ് അത് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതിന് വാഹനനിർമ്മാതാക്കളും വലിയ പ്രാധാന്യം നൽകുന്നുണ്ട്.

എൻട്രി-ലെവൽ ഹാച്ച്ബാക്ക് എക്കാലത്തും മാരുതി സുസുക്കിയുടെ കുത്തകയായിരുന്നു. എന്നാൽ,​ വിപണിയിലെ ട്രെൻഡ് മാറിയതോടെ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ (എസ്.യു.വി)​ കൂടുതൽ ശ്രദ്ധിക്കുകയാണ് മാരുതി. ● മിഡ്-സൈസ് എസ്.യു.വികളിലാണ് ഊന്നൽ. അടുത്തിടെ വിപണിയിലെത്തിച്ച ഗ്രാൻഡ് വിറ്റാര 1.15 ലക്ഷം,​ ജിംനി 13,000,​ ഫ്രോൻക്‌സ് 5,​000 എന്നിങ്ങനെ യൂണിറ്റുകളുടെ വില്പനനേടിയത് മാരുതിക്ക് നൽകുന്നത് വലിയ കരുത്താണ്. ● പ്രീമിയം ശ്രേണിയിലേക്ക് മാരുതി തത്കാലം ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാരണം,​ വിപണിയിൽ വെറും ഒരു ശതമാനമേയുള്ളൂ ഈ ശ്രേണിയുടെ പങ്ക്. ● സി.എൻ.ജിയാണ് മാരുതിയുടെ മറ്റൊരു കുത്തക. 20,​000-25,​000 രൂപമാത്രമാണ് ഇവയ്ക്ക് അധികം വേണ്ടിവരിക. ● 15 ലക്ഷം രൂപയ്ക്ക് താഴെ കാർ വാങ്ങാൻ ശ്രമിക്കുന്നവരാണ് മാരുതിയുടെ പ്രധാന ഉപഭോക്താക്കൾ.

വില്പനക്കണക്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹനനിർമ്മാതാക്കളാണ് മാരുതി സുസുക്കി. ● 3.39 ലക്ഷം രൂപയിൽ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്ന എൻട്രി-ലെവൽ ഹാച്ച്ബാക്ക് ഓൾട്ടോ മുതൽ 19.65 ലക്ഷം രൂപയുടെ ഗ്രാൻഡ് വിറ്റാര വരെയുള്ള 17 മോഡലുകളാണ് മാരുതി വിപണിയിലെത്തിച്ചിട്ടുള്ളത്. ഇവയിൽ മിക്കതിനും സി.എൻ.ജി പതിപ്പുമുണ്ട്. ● വിപണിവിഹിതത്തിൽ രണ്ടാമതുള്ള ഹ്യുണ്ടായ് ഇന്ത്യയ്‌ക്ക് 5.69 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഗ്രാൻഡ് ഐ10 നിയോസ് മുതൽ 44.95 ലക്ഷം രൂപയുടെ ഐയോണിക് 5 വരെയാണ് ഇന്ത്യയിലുള്ളത്. ● ആഭ്യന്തര ബ്രാൻഡായ ടാറ്റാ മോട്ടോഴ്‌സിന്റെ തുടക്കമോഡൽ ടിയാഗോ ഹാച്ച്ബാക്കാണ്; വില 5.44 ലക്ഷം രൂപ. ടോപ് മോഡൽ 23.75 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള സഫാരി. ● 8.42 ലക്ഷം രൂപയുടെ എക്‌സ്.യു.വി 300 മുതൽ 25.47 ലക്ഷം രൂപയുടെ എക്‌സ്‌.യു.വി 700 വരെയാണ് മറ്റൊരു പ്രമുഖ ആഭ്യന്തര ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കുള്ളത്.

● വൈവിദ്ധ്യങ്ങളായ വിലശ്രേണികളാൽ സമ്പന്നമായ ബ്രാൻഡ് ഹ്യുണ്ടായിയാണ്. മാരുതിയുടെ കരുത്ത് ഏറ്റവും കുറഞ്ഞവിലയുള്ള ശ്രേണിയാണ്. ● എസ്.യു.വി ശ്രേണിയിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെയുടെ മുൻതൂക്കം. എസ്.യു.വിയിലും ഹാച്ച്‌ബാക്കിലും ശ്രദ്ധിച്ചിരുന്ന ടാറ്റയാകട്ടെ ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളിൽ വലിയ കരുത്തനുമാണ്.