കാട്ടാനകളെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ്

Monday 06 February 2023 1:08 AM IST

ഇടുക്കി: ആക്രമണകാരികളായ കാട്ടാനകളെ വെടിവച്ച് കൊല്ലുമെന്ന വിവാദ പ്രസ്താവനയുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. ആനയുടെ തിരുനെറ്റിക്ക് വെടിവയ്ക്കാൻ അറിയാവുന്ന സുഹൃത്തുക്കൾ തങ്ങൾക്ക് തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ഉണ്ട്. അവരെക്കൊണ്ടുവന്ന് നിയമവിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാന ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. അരുൺ പൂപ്പാറയിൽ നടത്തുന്ന നിരാഹാര സമരവേദിയിലായിരുന്നു സി.പി. മാത്യുവിന്റെ പ്രതികരണം. ആനകളെ മാറ്റുന്ന കാര്യത്തിൽ ചർച്ചയല്ല,​ നടപടിയാണ് വേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ചുമതല പ്രതിപക്ഷം എന്ന നിലയിൽ തങ്ങൾക്കുണ്ട്. ദ്രുത കർമ്മ സേന മയക്കുവെടി വച്ച് ശല്യക്കാരായ ചില്ലിക്കൊമ്പൻ, അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, പടയപ്പ തുടങ്ങിയ ആനകളെ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയാണ് വേണ്ടത്. അതേ സമയം പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു.